തിരുവനന്തപുരം: മഴയും വെയിലും ഒരുമിച്ചുളള കാലാവസ്ഥയില്‍ ചെങ്കണ്ണ് രോഗം പിടിപെടാന്‍ സാദ്ധ്യത കൂടുതലാണെന്നും ഇതിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കണ്ണില്‍ പഴുപ്പ് നിറഞ്ഞ് ഒട്ടിയിരിക്കുക, ചൊറിച്ചില്‍, കണ്ണില്‍ പൊടി വീണതുപോലെ തോന്നുക, ചുവപ്പ് നിറം തുടങ്ങിയവയാണ് ചെങ്കണ്ണിന്റെ ലക്ഷണങ്ങള്‍. രോഗം വരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് ഡി.എം.ഒ. ഡോ. കെ.എം. സിറാബുദീന്‍ അറിയിച്ചു. കണ്ണുകള്‍ തിരുമ്മുകയോ കൂടുതല്‍ ചൂടും വെളിച്ചവും കൊളളുകയോ ചെയ്യരുത്. ശുദ്ധജലം കൊണ്ട് കണ്ണുകള്‍ വൃത്തിയായി കഴുകണം. രോഗി ഉപയോഗിക്കുന്ന ടൗവ്വല്‍, തലയിണ കവര്‍ തുടങ്ങിയവ മറ്റുളളവര്‍ ഉപയോഗിക്കരുത്. ഇവ അണുനാശിനി ഉപയോഗിച്ച് വേണം വൃത്തിയാക്കേണ്ടത്. ഐ ലൈനര്‍, കണ്‍മഷി എന്നിവ പങ്കിട്ട് ഉപയോഗിക്കരുത്. കൈകള്‍ ഇടയ്‌ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം. രോഗം വന്നാല്‍ പൂര്‍ണ്ണമായും ഭേദമാകും വരെ വീട്ടില്‍ തന്നെ വിശ്രമിക്കേണ്ടതാണ്. ചെങ്കണ്ണ് ബാധിച്ച കുട്ടികളെ സ്‌കൂളില്‍ അയക്കാന്‍ പാടുളളതല്ല. ഡോക്‌ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ആന്റിബയോട്ടിക് ഐഡ്രോപ്‌സ് രണ്ട് മണിക്കൂര്‍ ഇടവിട്ട് ഓരോ തുളളി വീതം കണ്ണുകളില്‍ ഒഴിക്കേണ്ടതാണെന്നും ഡി.എം.ഒ. യുടെ അറിയിപ്പില്‍ പറയുന്നു.
Discussion about this post