തിരുവനന്തപുരം: കണ്ണൂര്‍ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട് റോഡ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ നഷ്ടം സംഭവിക്കുന്നവര്‍ക്കായി ആകര്‍ഷകമായ പാക്കേജ് നടപ്പാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ തീരുമാനമായി. മൂന്നുതരത്തിലാണ് പാക്കേജ് നടപ്പിലാക്കുക.
പൂര്‍ണ്ണമായും ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യമൊന്നും നേരിട്ട് ലഭിക്കില്ല. ഈ സാഹചര്യത്തില്‍ അവര്‍ക്ക് പ്രത്യേക പാക്കേജ് തയ്യാറാക്കും. വീട് നഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. ഇവര്‍ക്കും ഭൂമി നഷ്ടപ്പെടുന്നവര്‍ക്കും കോമ്പന്‍സേഷനോടൊപ്പം പ്രത്യേക ആനൂകൂല്യങ്ങളും ഭൂമി അവശേഷിക്കുന്നവര്‍ക്ക് കെട്ടിടനിര്‍മ്മാണത്തിനുമുള്ള പ്രത്യേക ഇളവും അനുവദിക്കും. പി.ഡബ്ലിയു.ഡി. മറ്റ് സാധ്യതകളും പരിഗണിക്കും. വിമാനത്താവളത്തെ ഉള്‍പ്പെടുത്തി ഗ്രീന്‍ ഫീല്‍ഡ് റോഡ് എന്ന ആശയത്തിനാണ് പ്രാമുഖ്യം നല്കുന്നത്. സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ വരെ ജില്ലാ കളക്ടര്‍, സ്ഥലം എം.പി, എം.എല്‍.എ, മറ്റു ജനപ്രതിനിധികളും എന്നിവരുമായി ചര്‍ച്ച നടത്തണം. കണ്ണൂരിലെ റോഡുകള്‍ സംബന്ധിച്ച് മന്ത്രി കെ.സി.ജോസഫ് അവിടെ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ രണ്ടു റോഡുകളുടെ പ്രൊപ്പോസല്‍ വന്നിട്ടുണ്ട്. അത് ധനമന്ത്രിയുടെ പരിഗണനയ്ക്ക് നല്‍കും. കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ട് 15 ദിവസത്തിനുള്ളില്‍ ധനവകുപ്പിന്റെ പരിഗണനയ്ക്ക് വയ്ക്കും. കണ്ണൂരിലെ മണല്‍ പ്രശ്‌നവും ചര്‍ച്ച ചെയ്ത യോഗം നിലവിലെ സ്ഥിതി ആറുമാസം കൂടി നീട്ടി നല്കാന്‍ തീരുമാനിച്ചു. ജില്ലാകളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ below level sand mining സംബന്ധിച്ച കാര്യങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഗ്രീന്‍ ട്രൈബ്യൂണലിനെയും എം.ഒ.എഫിനെയും സമീപിക്കും. മണല്‍ ഖനനം നടക്കുന്ന ഇടങ്ങളില്‍ കാലാവധി ആറുമാസം കൂടി നീട്ടി നല്കും. മൈനിംഗ് നടക്കാത്ത ഇടങ്ങളില്‍ അത് ഉടനടി നടത്തി റിപ്പോര്‍ട്ട് നല്കുമെന്ന കര്‍ശന വ്യവസ്ഥയില്‍ കാലാവധി ആറുമാസം കൂടി നീട്ടി നല്കും. ഇത് സംസ്ഥാനത്തെ എല്ലാ ജില്ലകള്‍ക്കും ബാധകമായിരിക്കും. യോഗത്തില്‍ മന്ത്രിമാരായ കെ.സി.ജോസഫ്, വി.കെ.ഇബ്രാഹിം കുഞ്ഞ്, കെ.ബാബു, അടൂര്‍ പ്രകാശ് എന്നിവരും എം.എല്‍.എ. മാരായ എ.പി.അബ്ദുള്ളക്കുട്ടി, കെ.എം.ഷാജി, ടി.വി.രാജേഷ്, കെ.കെ.നാരായണന്‍ മുതലായവരും പങ്കെടുത്തു.
Discussion about this post