ന്യൂഡല്‍ഹി: ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌കറുടെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. സുനന്ദയുടേത് സ്വാഭാവിക മരണമല്ലെന്നു സഹോദരന്‍ അശോക് കുമാര്‍ ആരോപിച്ചു. ഭാര്യ സുഖമില്ലാതെ കിടക്കുന്ന അവസ്ഥയില്‍ ശശി തരൂര്‍ എന്തിനാണ് പുറത്ത് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പോയതെന്നും ക്യാമറകള്‍ എങ്ങനെയാണ് പ്രവര്‍ത്തനരഹിതമായതെന്നും അശോക് സംശയമുന്നയിച്ചു.
എന്നാല്‍ സുനന്ദ പുഷ്‌കറുടെ മരണം സിബിഐ അന്വേഷിക്കേണ്ട കാര്യമില്ലെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. വസ്തുത പുറത്തുകൊണ്ടുവരുന്നതിന് ഡല്‍ഹി പോലീസിന്റെ അന്വേഷണം പര്യാപ്തമാണെന്നും ഡല്‍ഹി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
സുനന്ദയുടെ മരണം കൊലപാതകമാണെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി കോടതിയെ സമീപിക്കുമെന്നു പറഞ്ഞതിനു പിന്നാലെയാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.
പുതിയ ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസില്‍ പുനരന്വേഷണം ഉണ്ടായേക്കും. ഇതു സംബന്ധിച്ച് ഡല്‍ഹി പോലീസിന് നിര്‍ദേശം നല്കിയതായാണ് സൂചന.












Discussion about this post