തിരുവനന്തപുരം: സീസണ്‍ തുടങ്ങുന്നതിനു മുമ്പുതന്നെ ആവശ്യത്തിനുള്ള അപ്പവും അരവണയും സ്റ്റോക്ക് ചെയ്യും. ശബരിമല തീര്‍ത്ഥാടനകാലത്തിന് മുന്നോടിയായി ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണിന്റെ അദ്ധ്യക്ഷതയില്‍ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പദ്ധതികള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വനം വകുപ്പുമായി ചര്‍ച്ച ചെയ്ത് നടപ്പാക്കാനും തീരുമാനമായി.
കുറ്റമറ്റ രീതിയിലുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ചുവടെപറയുന്ന തീരുമാനങ്ങള്‍ യോഗം കൈക്കൊണ്ടു. തീര്‍ത്ഥാടനത്തിന് എത്തിച്ചേരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകം ദര്‍ശന സൗകര്യം ദേവസ്വം ബോര്‍ഡ് ഒരുക്കും. ഇക്കാര്യം പോലീസുമായി കൂടിയാലോചിച്ച് ചെയ്യണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. പൈപ്പ്‌ലൈന്‍ സ്ഥാപിച്ച് ഔഷധ കുടിവെള്ളം ലഭ്യമാക്കും. നിലയ്ക്കലില്‍ വാഹനം പാര്‍ക്കു ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കും. നിലയ്ക്കലില്‍ ആവശ്യമെങ്കില്‍ ഹെലിപ്പാഡ് നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കും.
മാലിന്യ സംസ്‌കരണ പ്ലാന്റ് തീര്‍ത്ഥാടനകാലത്തിന് മുന്‍പുതന്നെ പൂര്‍ത്തീകരിക്കണം. കെ.എസ്.ഇ.ബി. യുടെ കേബിള്‍ സ്ഥാപിക്കുന്നതിനുള്ള ഡെപ്പോസിറ്റ് ദേവസ്വം ബോര്‍ഡ് ഉടന്‍ നല്‍കണം. സ്വാമി അയ്യപ്പന്‍ റോഡ്, തുടങ്ങിയ സ്ഥലങ്ങളില്‍ ഇത് മുന്‍ഗണനാക്രമത്തില്‍ ചെയ്യേണ്ടതാണെന്നും യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. ശബരിമലയില്‍ വെള്ളം സംഭരിക്കുന്നതിന് കൂടുതല്‍ ടാങ്കുകള്‍ സ്ഥാപിക്കണം. ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള എല്ലാ റോഡുകളുടെയും പണികള്‍ ഒക്ടോബര്‍ 31 ന് മുമ്പ് ചെയ്തു തീര്‍ക്കുന്നതിനുള്ള നടപടികള്‍ പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കണം. കണമല പാലം ഒക്ടോബര്‍ 31 ന് മുമ്പുതന്നെ ഉപയോഗയോഗ്യമാക്കുന്നതിനുള്ള നടപടികള്‍ പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കും.
വെര്‍ച്ച്വല്‍ ക്യൂ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കും. പമ്പ-ചാലക്കയം റോഡിന്റെ അറ്റകുറ്റപണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ സേഫ് സോണ്‍ പദ്ധതി കാര്യക്ഷമതയോടെ നടപ്പാക്കും. വണ്ടിപ്പെരിയാര്‍ സത്രം റോഡ് സഞ്ചാരയോഗ്യമാക്കും. കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് പ്ലാപ്പള്ളിയില്‍ താമസ സൗകര്യം ഏര്‍പ്പെടുത്തും. കുന്നാര്‍ ഡാമിന്റെ ഉയരം കൂട്ടുന്നതിന് അനുമതി ലഭ്യമായില്ലെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം സംഭരിക്കുന്നതിന് ഒരു അധിക പൈപ്പ് ലൈന്‍ കൂടി സ്ഥാപിക്കുന്നതിനും സംഭരണ സൗകര്യം സന്നിധാനത്തില്‍ ഒരുക്കുന്നതിനും വനം വകുപ്പിന് നിര്‍ദ്ദേശം നല്‍കി. താല്‍ക്കാലിക ടോയിലറ്റ്, ഷോപ്പ്‌സ് എന്നിവ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പും ദേവസ്വം ബോര്‍ഡും യോഗം ചേര്‍ന്ന് തീരുമാനമെടുക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കൂടുതല്‍ ശക്തമാക്കും. പമ്പാ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രോജക്ട് മാനേജറുമായി കൂടികാഴ്ച നടത്തി പുരോഗതി വിലയിരുത്തുന്നതിന് ദേവസ്വം സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.
വിശുദ്ധ സേനയുടെ എണ്ണം കൂട്ടാനും അവര്‍ക്ക് നല്‍കുന്ന വേതനം വര്‍ദ്ധിപ്പിക്കാനും തത്വത്തില്‍ തീരുമാനിച്ചു. ഇവര്‍ക്കുള്ള വേതനം സീറോ വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതിക്കായി അനുവദിച്ച തുകയില്‍ നിന്നും ചെലവഴിക്കാനും തീരുമാനമായി. പമ്പയില്‍ നിന്നും ശബരിമലയിലേക്ക് സാധനങ്ങള്‍ ട്രാക്ടറില്‍ കൊണ്ടുപോകുന്നതിനുള്ള സമയം ക്രമീകരിക്കും. ഇതിന് പോലീസും ദേവസ്വവും ചേര്‍ന്ന് നടപടി സ്വീകരിക്കും. ചീഫ് സെക്രട്ടറിയുടെ ചേംബറില്‍ നടന്ന യോഗത്തില്‍ വിവിധ വകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Discussion about this post