തിരുവനന്തപുരം: ക്‌ളീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതിയുടെ മേഖലാസമ്മേളനത്തിനു മുന്നോടിയായി നടന്ന ഘോഷയാത്ര വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ടും ലഹരിവിരുദ്ധ ആശയങ്ങളുടെ അവതരണം കൊണ്ടും ശ്രദ്ധേയമായി. സര്‍ക്കാര്‍-എയ്‌ഡഡ്-അണ്‍എയ്‌ഡഡ് സ്‌കൂളുകളിലെ പതിനായിരത്തോളം കുട്ടികള്‍ അണിനിരന്ന ഊളമ്പാറ ജംഗ്‌ഷനില്‍ നിന്നാരംഭിച്ച ഘോഷയാത്രയുടെ മുന്‍പന്തിയില്‍ പോലീസിന്റെ അശ്വാരൂഢസേന, സ്‌കേറ്റിംഗ് സംഘം എന്നിവയുണ്ടായിരുന്നു.
പുരാതനമാതൃകയിലെ കാറുകളും ബൈക്ക് റാലിയും ഘോഷയാത്രയ്‌ക്ക് മാറ്റേകി. എന്‍സിസി, സ്റ്റുഡന്റ് പോലീസ് സംഘങ്ങളും ചെണ്ടമേളവും ബാന്റ്‌മേളവും ഘോഷയാത്രയിലുള്‍പ്പെട്ടിരുന്നു. കറുത്ത വസ്‌ത്രം ധരിച്ച് വലിയസിറിഞ്ചുമേന്തി വന്ന വിദ്യാര്‍ത്ഥികളും ഈ വലിയ സാമൂഹ്യവിപത്തിനെക്കുറിച്ചോര്‍മിപ്പിച്ചു. പേരൂര്‍ക്കട എസ്‌എപി ഗ്രൗണ്ടില്‍ എത്തിയ ഘോഷയാത്രയെ സ്വീകരിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് വിനോദം പകരാനും നാഷണല്‍ ഗെയിംസിന്റെ ചിഹ്നമായ അമ്മു വേഴാമ്പലും ഉണ്ടായിരുന്നു. ഗാനമേള, മിമിക്രി, ഫ്‌ളാഷ്‌മോബ് എന്നിവയും സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കുട്ടികള്‍ നീണ്ട കയ്യടിയോടെ ആസ്വദിച്ചു.
പുകയിലഉപയോഗം മൂലം ചെറുപ്രായത്തില്‍ തന്നെ ക്യാന്‍സര്‍ വന്ന യുവാവ് തന്റെ അനുഭവം വിദ്യാര്‍ത്ഥികളുമായി പങ്കുവച്ചപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അത് കണ്ണു തുറപ്പിക്കുന്ന ഒരനുഭവമായി. എസ്‌എപി ഗ്രൗണ്ടില്‍ വിവിധ സ്‌കൂളുകളുടെയും വകുപ്പുകളുടെയും സ്റ്റാളുകളും ഒരുക്കിയിരുന്നു. ലഹരിവിരുദ്ധസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന പോസ്റ്ററുകള്‍, ചിത്രങ്ങള്‍ എന്നിവയ്‌ക്കു പുറമെ കുട്ടികള്‍ നിര്‍മിച്ച കൈത്തറി വസ്‌തുക്കള്‍, പാവകള്‍, എന്നിവയും വിവിധ സ്‌കൂളുകള്‍ പ്രദര്‍ശിപ്പിച്ചു. ടൊബാക്കോ ഫ്രീ കേരളയുടെ സ്റ്റാളിലുണ്ടായിരുന്ന ഇന്ററാക്‌ടീവ് വാള്‍ പ്രതേ്യക ശ്രദ്ധയാകര്‍ഷിച്ചു.
പുകയിലഉപയോഗം നിയന്ത്രിക്കാനായി തങ്ങള്‍ക്ക് എന്തുചെയ്യാനാകുമെന്ന് ഓരോ സന്ദര്‍ശകനും എഴുതാവുന്ന വിധത്തില്‍ സജ്ജീകരിച്ചിരുന്ന ഈ പോസ്റ്ററുകളില്‍ തങ്ങളുടെ സന്നദ്ധത എഴുതി അറിയിക്കാന്‍ വിദ്യാര്‍ത്ഥികള്‍ മത്സരിച്ചു. ഇന്‍ഫര്‍മേഷന്‍- പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ ലഹരിവിരുദ്ധ പ്രദര്‍ശനവാഹനം, ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്, ആല്‍കഹോളിക് അനോണിമസ്, ഷീ ടാക്‌സി, കുടുംബശ്രീ-സ്‌നേഹിത, ചൈല്‍ഡ്‌ലൈന്‍ തുടങ്ങിയവരും സ്റ്റാളുകളില്‍ പ്രദര്‍ശനങ്ങളൊരുക്കിയിരുന്നു. ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ നേട്ടങ്ങള്‍ വിളിച്ചോതുന്ന പോസ്റ്ററുകള്‍, തിരുവനന്തപുരം സിറ്റി പോലീസിന്റെ ബോംബ് ഡിറ്റക്‌ടര്‍ അടക്കമുള്ള സാങ്കേതിക ഉപകരണങ്ങളുടെ പ്രദര്‍ശനം എന്നിവയും പ്രതേ്യക ശ്രദ്ധ നേടി. സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയില്‍ പൂന്തുറ സെന്റ് ഫിലോമിനാസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒന്നാം സമ്മാനം നേടി. രണ്ടാം സ്ഥാനം കാര്‍മല്‍ ജി എച്ച് എസ് എസും ഗവ. ജി എച്ച് എസ് എസ് പേരൂര്‍ക്കടയും പങ്കിട്ടു. മൂന്നാംസ്ഥാനം കോട്ടണ്‍ഹില്‍ സ്‌കൂളിനും സെന്റ് മേരീസ് സെന്‍ട്രല്‍ സ്‌കൂളിനുമാണ്. മികച്ച സ്റ്റാളിനുള്ള സമ്മാനം നേടിയത് കോട്ടണ്‍ഹില്‍ ഹയര്‍ സെക്കന്ററി സ്‌കൂളാണ്.
പദ്ധതിയുടെ ഭാഗമായി ഏഷ്യാനെറ്റുമായി ചേര്‍ന്ന് നടത്തിയ പോസ്റ്റര്‍ രചനാ മത്സരത്തിലെ വിജയികള്‍ക്കും സമ്മേളനത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു
Discussion about this post