തിരുവനന്തപുരം:കെ.എസ്.ആര്‍.സിയുടെ പ്രതിദിന വരുമാനം 2015 ജനുവരി മാസത്തോടെ ഏഴുകോടി രൂപയാക്കി വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. പരമാവധി ബസുകള്‍ ഗതാഗതക്ഷമമാക്കാനും ട്രിപ്പുകള്‍ മുടങ്ങാതെ നടത്താനും, ലാഭകരമാക്കാനും ഊര്‍ജ്ജിതമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്.
മിന്നല്‍ പണിമുടക്ക് പോലുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാനും അപ്പപ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഉടന്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനും ഡിപ്പോ തലത്തില്‍ വികേന്ദ്രീകൃതമായി സമിതികള്‍ക്ക് രൂപം നല്‍കും. കൂടുതല്‍ കളക്ഷന്‍ നേടുന്ന ജീവനക്കാര്‍ക്ക് പ്രോത്സാഹനം നല്‍കും. 2014 ജനുവരി ഒന്നിന് കെ.എസ്.ആര്‍.ടി.സി. യുടെ ചുമതല ഏറ്റെടുക്കുമ്പോള്‍ പ്രതിദിന വരുമാനം നാലുകോടി 70 ലക്ഷം രൂപയായിരുന്നു. ശബരിമല തീര്‍ത്ഥാടനകാലം കൂടിയായിരുന്ന ജനുവരിയില്‍ സ്‌പെഷ്യല്‍ സര്‍വ്വീസ് ഉള്‍പ്പെടെ 4850 ബസുകളാണ് നിരത്തില്‍ ഓടിയിരുന്നത്. ശ്രദ്ധാപൂര്‍വ്വമുള്ള പ്രവര്‍ത്തനങ്ങളും ജീവനക്കാരുടെ സഹകരണവുംമൂലം ഇപ്പോള്‍ അയ്യായിരത്തിലധികം ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ട്രിപ്പുകള്‍ മുടങ്ങാതിരിക്കാന്‍ പരമാവധി ശ്രദ്ധ നല്‍കുന്നു. ഒക്ടോബര്‍ ഏഴിന് ആറ് കോടിയില്‍പ്പരം രൂപയുടെ കളക്ഷന്‍ ഉണ്ടായി.
കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് വിഭാഗത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും വരുമാന ചോര്‍ച്ച ഒഴിവാക്കാനും ശക്തമായ നടപടി സ്വീകരിച്ചുവരുന്നതായും മന്ത്രി അറിയിച്ചു. ജി.പി.ആര്‍.എസ്. സംവിധാനത്തോടെ 4500 ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകള്‍ കഴിഞ്ഞ മൂന്ന് മാസങ്ങളായി ബസ്സുകളില്‍ ഉപയോഗിച്ചുവരുന്നു. നഷ്ടത്തിലോടുന്ന സര്‍വ്വീസുകള്‍ പുന:ക്രമീകരിക്കാനും ലാഭകരമാക്കാനുമുള്ള നടപടി ത്വരിതഗതിയില്‍ നടത്തിവരികയാണ്. ഇത്തരത്തിലുള്ള 1550 സര്‍വ്വീസുകളില്‍ 1100 എണ്ണവും പുന:ക്രമീകരിച്ചതായും മന്ത്രി അറിയിച്ചു. വരുമാന വര്‍ദ്ധനയ്ക്ക് ഇതും ഒരു പ്രധാന കാരണമായിട്ടുണ്ട്. ഒരു ബസ്സിന്റെ ശരാശരി വരുമാനം 9703 രൂപയില്‍ നിന്ന് 11400 രൂപയായി വര്‍ദ്ധിച്ചു. ഒരു കിലോമീറ്ററിലെ വരുമാനം 29.92 രൂപയില്‍ നിന്ന് 35.41 ആയാണ് വര്‍ദ്ധിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.
Discussion about this post