തിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകള്‍ അര്‍ഹിക്കുന്നവര്‍ക്ക് ലഭ്യമാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് തൈക്കാട് ഗസറ്റ് ഹൗസില്‍ ആരംഭിച്ച ജില്ലാ കളക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെയും ദ്വിദിന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ പ്രധാന പരിപാടി വികസനവും കരുതലും ആണ്. ഇതിനായി ധാരാളം സ്‌കീമുകളും സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നു. എന്നാല്‍ അര്‍ഹിക്കുന്നവരില്‍ ഇത് എത്താത്ത അവസ്ഥയുണ്ട്. സര്‍ക്കാരിന് സാമ്പത്തികമായി പ്രശ്‌നങ്ങളും പ്രയാസങ്ങളും ഉണ്ടായിട്ടും ഓണത്തിന് മുഴുവന്‍ ക്ഷേമപെന്‍ഷനുകളും സമയത്തിന് മുമ്പ് അനുവദിച്ചിരുന്നു. എന്നിട്ടും വിതരണ സംവിധാനത്തില്‍ താമസം നേരിട്ടുവെന്ന അവസ്ഥയുണ്ട്. മുന്‍വര്‍ഷവും ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ട്. സി.എം.ഡി.ആര്‍.എഫ്. ഫണ്ടും കാരുണ്യ ബനവലന്റ് ഫണ്ടും ഉള്‍പ്പെടെ എല്ലാം യഥാസമയം അര്‍ഹിക്കുന്നവര്‍ക്ക് എത്തിക്കുന്നതിനുള്ള ശ്രമമുണ്ടാകണം. ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും അവലോകനവും വേണം. ആരെങ്കിലും ബോധപൂര്‍വ്വം തടസം നില്‍ക്കുകയാണെങ്കില്‍ അത് ശ്രദ്ധിക്കണമെന്നും നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. സാമ്പത്തിക രംഗത്ത് സര്‍ക്കാരിന് വരുമാനമാര്‍ഗങ്ങള്‍ക്കായി നികുതി പിരിവ് കാര്യക്ഷമമാക്കണം. ഇതില്‍ കളക്ടര്‍മാര്‍ക്ക് ഏറെ പങ്കുവഹിക്കാനുണ്ട്. വരുമാനം യഥാസമയം ലഭ്യമാകുന്ന നടപടികളാണ് സ്വീകരിക്കേണ്ടത്. ഇതു സംബന്ധിച്ച് കോടതികളിലുള്ള കേസുകളില്‍ നിയമാനുസൃത നടപടികള്‍ വേഗത്തിലാക്കണം. സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമായി ജനങ്ങളിലെത്തുന്ന നിലപാടുകള്‍ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ക്ഷേമ പദ്ധതികളില്‍ ജില്ലകളില്‍ ജനങ്ങളിലെത്തിക്കേണ്ട ഉത്തരവാദിത്വം കളക്ടര്‍മാര്‍ക്കാണ്. ഇതിനായി കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. കളക്ടര്‍മാര്‍ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തുയരണം. സംസ്ഥാനത്ത് സര്‍ക്കാരിന്റെ മദ്യനയം കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ കളക്ടര്‍മാര്‍ക്കാണ് മുഖ്യപങ്ക് വഹിക്കാന്‍ കഴിയുന്നത്. ഇതു നടപ്പാക്കുന്നത് വെല്ലുവിളിയായി ഏറ്റെടുക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കഴിയണം. സര്‍ക്കാരിന് തീരുമാനങ്ങള്‍ എടുക്കാന്‍ മാത്രമേ കഴിയൂ. പ്രാവര്‍ത്തികമാക്കേണ്ടത് ജില്ലാ ഭരണകൂടമാണ്. കേന്ദ്ര പദ്ധതികള്‍ പലതും സംസ്ഥാനത്ത് നടപ്പാക്കാനാകാതെ വരുന്നത് സ്ഥലമേറ്റെടുക്കുന്നതിലുള്ള പ്രശ്‌നങ്ങളാലാണ്. നിര്‍മ്മാണ മേഖലയിലും ഇത് കനത്ത പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഇക്കാര്യം പരിഹരിക്കുന്നതിനും കളക്ടര്‍മാര്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി, രമേശ്‌ചെന്നിത്തല, ആര്യാടന്‍ മുഹമ്മദ്, കെ.ബാബു, വി.എസ്.ശിവകുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, അനൂപ് ജേക്കബ്, പി.ജെ.ജോസഫ്, മഞ്ഞളാംകുഴി അലി, ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണ്‍, സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ കെ.എം.ചന്ദ്രശേഖര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, ജില്ലാ കളക്ടര്‍മാര്‍, വകുപ്പ് മേധാവികള്‍ മുതലായവര്‍ പങ്കെടുത്തു.
Discussion about this post