ഭൗതിക അസാന്നിദ്ധ്യംകൊണ്ട് ഓരോ ദിവസവും ഹൈന്ദവകേരളത്തിന്റെ ഹൃദയധമിനികളില്‍ മന്ത്രിച്ചുകൊണ്ടിരിക്കുന്ന ഒരു നാമമാണ് ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി. നായാടിമുതല്‍ നമ്പൂതിരിവരെയുള്ള ഹിന്ദുസമൂഹത്തിന്റെ ഐക്യം സ്വപ്നംകാണുകയും അതിനുവേണ്ടി തന്റെ കര്‍മ്മ ജ്ഞാനേന്ദ്രിയങ്ങള്‍ സദാ പ്രവര്‍ത്തനനിരതമാക്കുകയും ചെയ്തിരുന്ന ജഗദ്ഗുരുവിന്റെ 79-ാംഅവതാരജയന്തിയാണ് ഇന്ന്.
ആ യതിവര്യന്‍ ഭൗതികമായി മറഞ്ഞിട്ട് എട്ട് സംവത്സരങ്ങളാകാന്‍ പോകുന്നു. ഇതിനിടയില്‍ ഭാരതത്തിലും കേരളത്തിലും ഹൈന്ദവരുടെ മനസ്സിനെ കലുഷിതമാക്കുകയും ഭൂരിപക്ഷസമുദായത്തെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്ത നിരവധി സംഭവങ്ങളുണ്ടായി. അപ്പോഴൊക്കെ എല്ലാവരുടെയും മനോമുകുരത്തില്‍ തെളിഞ്ഞ ഒരു രൂപം ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതികളുടേതാണ്. ആ സന്യാസിവര്യന്റെ ഭൗതിക സാന്നിദ്ധ്യം ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാശിക്കാത്ത ഹിന്ദുക്കള്‍ ഉണ്ടാകില്ല. സ്വാമിജിയുടെ സമാധിക്കുമുമ്പായിരുന്നെങ്കില്‍ ഭരണാധികാരികള്‍ പല തീരുമാനങ്ങളും എടുക്കുന്നതിനുമുമ്പ് നൂറുവട്ടം ആലോചിക്കുമായിരുന്നു. സ്വാമിജിയെ അത്രമാത്രം ഭയപ്പെട്ടിരുന്നു.
കേരളത്തിലെ ഹിന്ദുസമൂഹം നേരിടാന്‍പോകുന്ന അത്യാപത്തുകളെക്കുറിച്ച് ആദ്യമായി മുന്നറിയിപ്പ് നല്‍കിയത് സ്വാമിജിയാണ്. കേരളത്തിന്റെ മണ്ണ് ഹിന്ദുവിന് അന്യമായി തീരുന്ന ഒരു കാലത്തെക്കുറിച്ച് അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്തു. മുന്നണി ഭരണത്തിന്റെ സാധ്യതകളിലൂടെ കേരളത്തിലെ പ്രബലമായ രണ്ടു ന്യൂനപക്ഷവിഭാഗങ്ങള്‍ സംസ്ഥാനത്തിന്റെ സമ്പത്തും ഭൂമിയും അധികാരവും കൈപ്പിടിയില്‍ ഒതുക്കി ഹിന്ദുവിനെ വെള്ളംകോരികളും വിറകുവെട്ടികളുമാക്കി മാറ്റുമെന്ന് ഹിന്ദുസമാജത്തിന് അദ്ദേഹം മുന്നറിയിപ്പുനല്‍കിയത് ഇന്നു യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. അസംഘടിത ഹിന്ദുഭൂരിപക്ഷത്തെ സംഘടിതന്യൂനപക്ഷം ഞെരിച്ചുകൊല്ലുന്നതിന്റെ അപകടം അദ്ദേഹം പറഞ്ഞെങ്കിലും അന്ന് അത് മനസ്സിലാക്കിയ ഹിന്ദുക്കള്‍ ന്യൂനപക്ഷമായിരുന്നു. മതേതരത്വമെന്ന മേലങ്കിയിട്ട ഒരു വിഭാഗം ഹിന്ദുക്കള്‍ വര്‍ഗ്ഗീയതയുടെ പേരില്‍ സ്വാമിജിയുടെ വാക്കുകള്‍ക്ക് ഗൗരവം നല്‍കിയില്ല. ഇന്ന് അവരും സ്വാമിജിയെ മനസ്സുകൊണ്ടെങ്കിലും പ്രണമിക്കാതിരിക്കില്ല.
ഇരുപതാംനൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ കേരളത്തില്‍ ഹൈന്ദവ നവോത്ഥാനത്തിന്റെ കൊടിക്കൂറയുമായി ഒരു കൊടുങ്കാറ്റുപോലെ കടന്നുവരുകയും അസംഘടിതഹിന്ദുസമൂഹത്തിന്റെ ശബ്ദമായിമാറുകയും ചെയ്ത ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി അന്ന് തുടങ്ങിവച്ചതില്‍നിന്നാണ് പിന്നീട് ഹിന്ദുസമൂഹം ഐക്യത്തോടെ മുന്നേറേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞത്. പാലുകാച്ചിമല സംഭവും നിലയ്ക്കല്‍പ്രക്ഷോഭവും പാപ്പാവേദിയ്‌ക്കെതിരെയുള്ള സമരവുമൊക്കെ ഉറങ്ങിക്കിടന്ന ഹിന്ദുസമൂഹത്തെ സംഘടിതബോധമുള്ളവരാക്കിമാറ്റി. കേരളത്തിന്റെ മണ്ണില്‍ ശബ്ദമില്ലാതെ പോയ ഭൂരിപക്ഷസമൂഹത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി ഗര്‍ജ്ജനമായി മാറിയ സ്വാമിജിയുടെ വാക്കുകള്‍ ഭരണകൂടത്തെപോലും പിടിച്ചുലയ്ക്കുന്നതായിരുന്നു.
ജാതിയുടെ സങ്കുചിതമായ വേലിക്കെട്ടുകള്‍ തകര്‍ത്ത് ഹിന്ദുഐക്യമെന്ന വിശാലഭൂമികയിലേക്ക് വരണമെന്ന സ്വാമജിയുടെ ആഹ്വാനം ഹിന്ദുസമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. പൂന്തുറയില്‍ ഹിന്ദുക്കളുടെ നൂറുകണക്കിന് വീടുകള്‍ ഒരു ന്യൂനപക്ഷ സമുദായം സംഘടിതമായി ആക്രമിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തപ്പോള്‍ ആ കടലോരഗ്രാമത്തില്‍നിന്നുകൊണ്ടുള്ള സ്വാമിജിയുടെ പ്രതിജ്ഞയായിന്നു ഇന്ന് ഹൈന്ദവഐക്യത്തിന്റെ പര്യായമായി മാറിയ ഹിന്ദുഐക്യവേദി എന്ന പ്രസ്ഥാനം. ഇന്ന് പ്രബലമായി മാറിയ ഹിന്ദു എകണോമിക് ഫോറം എന്ന പ്രസ്ഥാനംപോലും സ്വാമിജിസ്വപ്നംകണ്ട് ഹിന്ദുബാങ്ക് എന്നതിന്റെ മറ്റൊരുരൂപമാണ്. കോടിക്കണക്കിന് ഭക്തജനങ്ങളെത്തുന്ന ശബരിമലയുടെ സമഗ്രവികസനത്തിന് സ്വാമിജി കൊണ്ടുവന്ന ഹരിവരാസനം പദ്ധതി ഇന്നും താളുകളില്‍ ഉറങ്ങുകയാണ്. എന്നാല്‍ അതിലെ പലതും പകര്‍ത്തിയെടുത്ത് സ്വന്തം പേരില്‍ സമര്‍പ്പിച്ച് കോടികള്‍ നേടിയവരും ഉണ്ട് എന്നത് ഗുരുനിന്ദയല്ലാതെ മറ്റെന്താണ്?
ജഗദ്ഗുരു സ്വാമിസത്യാനന്ദസരസ്വതി ദീര്‍ഘദര്‍ശനം ചെയ്ത ഒട്ടേറെ പദ്ധതികളും പരിപാടികളും നമ്മുടെ മുന്നിലുണ്ട്. അവയൊക്കെ യാഥാര്‍ത്ഥ്യമാക്കുക എന്നതാണ് സ്വാമിജിക്ക് നല്‍കുവാന്‍ കഴിയുന്ന ഏറ്റവും വലിയ ഗുരുദക്ഷിണ. സ്വാമിജി വിഭാവനം ചെയ്ത ഒരു ഹിന്ദുസമൂഹത്തിന്റെ സൃഷ്ടിക്കുള്ള പ്രയത്‌നത്തിന് ഈ ജയന്തിദിനത്തില്‍ തുടക്കംകുറിക്കാമെന്നും ആ പ്രയാണത്തില്‍ പങ്കാളികളാകാമെന്നും നമുക്ക് ഒരേ മനസ്സോടെ പ്രതിജ്ഞപുതുക്കാം.
Discussion about this post