തിരുവനന്തപുരം: യഥാര്‍ത്ഥ വികസനം വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഉണ്ടാകുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്ലസ് ടൂവിന് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് ലഭിച്ച മറ്റ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒറ്റത്തവണ സ്‌കോളര്‍ഷിപ്പ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക പരിമിതി മൂലം ആരും പഠിക്കാതിരിക്കരുത് എന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. ഏതു സമുദായമാണെങ്കിലും അര്‍ഹിക്കുന്ന എല്ലാവര്‍ക്കും വിദ്യാഭ്യാസത്തിനുള്ള സൗകര്യം നല്‍കുന്നതിനാണ് സര്‍ക്കാര്‍ കൂടുതല്‍ പരിഗണന നല്‍കുന്നത്. കഠിനാധ്വാനത്തിലൂടെ ഏത് നിലയിലും എത്താനാകും. സൗജന്യങ്ങള്‍ താത്കാലിക സഹായവും ആശ്രയവുമാക്കണം. ശാശ്വതമായ പ്രയോജനം വിദ്യാഭ്യാസത്തിലൂടെ മാത്രമേ ലഭ്യമാകൂ. സര്‍ക്കാര്‍ എന്താണോ ആഗ്രഹിച്ചത് അത് പ്രയോഗത്തില്‍ കൊണ്ടുവരാനും ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരുവാനും പിന്നാക്കവിഭാഗ കോര്‍പ്പറേഷനും വകുപ്പിനും സാധിച്ചിട്ടുണ്ട്. 2014-15 ല്‍ 260 കോടി രൂപ വായ്പയായി നല്‍കാനാണ് വകുപ്പ് ലക്ഷ്യം വച്ചിരിക്കുന്നത്. ലക്ഷ്യം പൂര്‍ണ്ണമായും സാക്ഷാത്കരിക്കാനാകും എന്ന വിശ്വാസം സര്‍ക്കാരിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഉന്നയിച്ച ഗ്യാരന്റി സംബന്ധിച്ച കാര്യത്തില്‍ സാധ്യമായതെല്ലാം ചെയ്യണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന് ഗ്യാരന്റി നില്‍ക്കുന്നതിന് പരിധിയും പരിമിതിയുമുണ്ട്. ഓരോ സംസ്ഥാനത്തിനും എത്ര കോടി രൂപവരെ ഗ്യാരന്റി നില്‍ക്കാമെന്ന് നിബന്ധനകള്‍ ഉണ്ട്. റിസര്‍വ്വ് ബാങ്കാണ് ഇത് തീരുമാനിക്കുന്നത്. നിബന്ധനകള്‍ക്കുള്ളില്‍ നിന്ന് സര്‍ക്കാര്‍ പരമാവധി സഹായം ചെയ്യും. വിദ്യാഭ്യാസത്തിന് ആഗ്രഹിക്കുന്ന അര്‍ഹതയുള്ള മുഴുവന്‍ പേര്‍ക്കും സര്‍ക്കാരിന്റെ സഹായം ലഭ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ പട്ടികജാതി പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. . കെ. മുരളീധരന്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആഷാ തോമസ്, കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ മോഹന്‍ ശങ്കര്‍, കോര്‍പ്പറേഷന്‍ ഡയറക്ടര്‍, എം.ഡി, ബോര്‍ഡ് മെംബര്‍മാര്‍ മുതലായവര്‍ പങ്കെടുത്തു.
Discussion about this post