ഡോ.വി.ആര്‍.പ്രബോധചന്ദ്രന്‍ നായര്‍
പഞ്ചപ്രേതാസനാസീനാ പഞ്ചബ്രഹ്മസ്വരൂപിണീ
ചിന്മയീ പരമാനന്ദാ വിജ്ഞാനഘനരൂപിണീ
ശക്തിരഹിതരായ ബ്രഹ്മാവ്, വിഷ്ണു, രുദ്രന്‍, ഈശ്വരന്‍, സദാശിവന്‍ എന്നിവര്‍ ഒരുമിച്ചൊരുക്കിയ മഞ്ചത്തില്‍ ഇരിക്കുന്നവളും ഇവരെല്ലാം ഒരുമിക്കുന്ന സ്വരൂപമാര്‍ന്നവളുമാണ് ലളിതാംബിക. ദേവി ജ്ഞാന (പിത്) സ്വരൂപിണിയും (ചിത് – മയീ) സര്‍വോത്തമമായ ആനന്ദംതന്നെ രൂപമാര്‍ന്നവളും ഇടതൂര്‍ന്ന (സാന്ദ്ര) ചൈതന്യം (വിജ്ഞാനം) രൂപം പൂണ്ടവളുമാകുന്നു.
ധ്യാന ധ്യാതൃ ധ്യേയ രൂപാ ധര്‍മാ ധര്‍മ വിവര്‍ജിതാ
വിശ്വരൂപാ ജാഗരിണീ സ്വപന്തീ തൈജസാത്മികാ
ധ്യാനം എന്ന പ്രക്രിയ, ധ്യാനിക്കുന്ന വ്യക്തി (ധ്യാതാവ്), ധ്യാനവിഷയം (ധ്യേയം) ഇവ മൂന്നും ഒരുമിക്കുന്ന ത്രിപുടി രൂപം പൂണ്ടവളും ലൗകീകദൃഷ്ട്യാ പരപ്രധാനമായ ധര്‍മം അധര്‍മം എന്ന വേര്‍തിരിവിനെല്ലാം അതീതയുമാണ് ലളിതാപരമേശ്വരീ
ദേവീ പ്രപഞ്ചമാസകലം നിറഞ്ഞു നിലകൊള്ളുന്നതിനാല്‍ വിശ്വരൂപയാണ്. സദാ ഉണര്‍ന്നിരിക്കുന്നതിനാലും ഉണര്‍വുതന്നെയാകയാലും ജാഗരിണി, ഉണര്‍വുള്ള വ്യക്തിയുടെ ജീവനെക്കുറിക്കുന്ന സാങ്കേതി സംജ്ഞയാണ് വിശ്വന്‍ (വി-ശ്വന്‍. വിഗതമായ ശ്വാനസ്വഭാവം ഉള്ളവന്‍ അഥവാ മൃഗീയവാസനകള്‍ അറ്റവന്‍). അതിനാല്‍ ജാഗിരിണി, വിശ്വരൂപാ എന്നിവ മിക്കവാറും പര്യായങ്ങള്‍തന്നെ. സ്വപ്നാവസ്ഥയിലുള്ള ഏവരുടെയും സ്വപ്നസ്ഥിതിയുടെ ഉറവിടം തന്നെയാകയാല്‍ ദേവി സ്വപന്തിയത്രേ. എല്ലാവിധ തേജസ്സുകളുടെയും (അതായത് പ്രഭാവങ്ങളുടെ) സാരമാകയാല്‍ തൈജസാത്മിക. സ്വപ്നം കണ്ടുകൊണ്ടിരിക്കുന്നവന്‍ എന്നര്‍ത്ഥമുള്ള സ്വപന്‍ എന്ന പദത്തിന്റെ പര്യായമാണ് തൈജസന്‍. തൈജസാവസ്ഥ ആരുടേതായാലും അതിന്റെയെല്ലാം ഉറവിടം ദേവിതന്നെ. ഈ അര്‍ഥകല്‍പനയില്‍ സ്വപന്തി, തൈജസാത്മിക നാമങ്ങള്‍ ഏറിയകൂറും പര്യായങ്ങള്‍ എന്നുവരുന്നു.
Discussion about this post