തിരുവനന്തപുരം: ലിബിയയില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന മലയാളികളെയും ഇറാനില്‍ തടവിലാക്കപ്പെട്ട ഒരു മലയാളി ഉള്‍പ്പെടെയുള്ള അഞ്ച് മത്സ്യത്തൊഴിലാളികളെയും രക്ഷിക്കുവാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കത്തെഴുതി.
ലിബിയയിലെ ബെങ്ഗാസിയിലും മറ്റുമായി അകപ്പെട്ടുപോയവരില്‍ ലഭ്യമായ പതിനെട്ടു നഴ്‌സുമാരുടെ പേരും പാസ്‌പോര്‍ട്ട് നമ്പരും മുഖ്യമന്ത്രി കേന്ദ്രത്തിന് കൈമാറി. ഭക്ഷണമോ പണമോ ആവശ്യത്തിനില്ലാത്ത ഇവരെ കപ്പലില്‍ മാള്‍ട്ടയില്‍ കൊണ്ടുവന്ന് അവിടെനിന്ന് വിമാനമാര്‍ഗം ഡല്‍ഹിയില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഖത്തറിലെ ആഴക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കേയാണ് അഞ്ച് ഇന്ത്യക്കാരെ ഇറാനിയന്‍ സേന സെപ്റ്റംബര്‍ 22ന് പിടികൂടിയത്. തിരുവനന്തപുരം പുല്ലുവിള സ്വദേശി തദേയൂസും നാല് തമിഴ്‌നാട് സ്വദേശികളും ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ കിഷ് ദ്വീപില്‍ ബോട്ടിനുള്ളില്‍ കോടതി വിധി കാത്ത് കഴിയുകയാണ്. ഇവരെ കാണുവാനും പിഴയില്‍ നിന്നും തടവില്‍ നിന്നും ഒഴിവാക്കാനും വേണ്ട നടപടി സ്വീകരിക്കാന്‍ ഇറാനിലെ ഇന്ത്യന്‍ എംബസി ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Discussion about this post