വിദേശബാങ്കുകളില്‍ ലക്ഷക്കണക്കിനു കോടിരൂപയുടെ കള്ളപ്പണമാണ് ഭാരതത്തില്‍ നിന്നു കടത്തിക്കൊണ്ടുപോയി നിക്ഷേപിച്ചിട്ടുള്ളത്. അഴിമതിയിലൂടെ നേടുന്ന പണം മാത്രമല്ല കള്ളപ്പണം. മറിച്ച് കണക്കില്‍ പെടാത്തതും നികുതികൊടുക്കാത്തതുമായ എല്ലാതുകയും കള്ളപ്പണത്തിന്റെ പരിധിയില്‍ വരും.
സ്വാതന്ത്ര്യം ലഭിച്ച് ആറരപതിറ്റാണ്ടു കഴിയുമ്പോഴും കോടിക്കണക്കിനു ദരിദ്രനാരാണന്‍മാര്‍ ജീവിക്കുന്ന ഭാരതത്തിന്റെ മുഖഛായതന്നെ മാറ്റാന്‍കഴിയുന്ന തരത്തില്‍ വലിപ്പമുള്ള തുകയാണ് ഇന്ന് വിദേശബാങ്കുകളില്‍ കള്ളപ്പണമായി നിക്ഷേപിച്ചിട്ടുള്ളത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ധൈര്യപ്പെട്ടില്ല. അത് എന്തുകൊണ്ടാണെന്ന് പറയാതെ തന്നെ വ്യക്തമാണ്. എന്നാല്‍ അധികാരത്തിലെത്തിയാല്‍ കള്ളപ്പണം ഭാരതത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് പ്രകടനപത്രികയില്‍ വ്യക്തമാക്കിക്കൊണ്ടാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. മോഡി സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ആദ്യത്തെ മന്ത്രിസഭായോഗത്തില്‍ തന്നെ ഇതുസംബന്ധിച്ച തീരുമാനമെടുത്തു. കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിനായുള്ള സമിതിക്കു രൂപംകൊടുത്തുകൊണ്ട് ഇതിനു തുടക്കം കുറിക്കുകയായിരുന്നു.
എന്നാല്‍ കള്ളപ്പണവുമായി ബന്ധപ്പെട്ട പേരുകള്‍ സുപ്രീംകോടതി മുമ്പാകെ വെളിപ്പെടുത്താന്‍ സാധിക്കില്ല എന്നു പറഞ്ഞുകൊണ്ട് ഏതാനും ദിവസംമുമ്പ് സര്‍ക്കാര്‍ മുന്നോട്ടുവന്നത് ഏറെ വിമര്‍ശനം ക്ഷണിച്ചുവരുത്തുക മാത്രമല്ല മോഡിസര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ച ജനകോടികളെ അമ്പരപ്പിക്കുകയും ചെയ്തു. ഇരട്ടനികുതിയുടെ പേരിലാണ് ഇങ്ങനെയൊരു നിലപാടെടുത്തതെന്നാണ് പിന്നീട് സര്‍ക്കാര്‍വൃത്തങ്ങള്‍ വ്യക്തമാക്കിയത്. എന്നാല്‍ പിന്നീട് ചുവടുമാറ്റിയ കേന്ദ്രസര്‍ക്കാര്‍ പേരു വെളിപ്പെടുത്തുമെന്നു പ്രഖ്യാപിച്ചുകൊണ്ട് വിമര്‍ശകരുടെ വായടപ്പിച്ചു. വിദേശത്ത് കള്ളപ്പണനിക്ഷേപമുള്ള മൂന്നുവ്യവസായികളുടെ പേര് ഇന്നു പുറത്തുവിട്ടുകൊണ്ട് അഴിമതിരഹിത ഭാരതത്തിലേക്കുള്ള ആദ്യചുവടുവച്ചിരിക്കയാണ് മോഡി സര്‍ക്കാര്‍.
ഗുജറാത്തിലെ സ്വര്‍ണവ്യാപാരിയായ ചിമന്‍ലാല്‍, ഗോവയിലെ ഖനി ഉടമയായ രാധ എസ്.ടിംബ്ലോ, ഔഷധ വ്യവസായിയായ പ്രദീപ് ബര്‍മന്‍ എന്നിവരുടെ പേരുകളാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയാണെങ്കില്‍ കൂടുതല്‍ പേരുകള്‍ വെളിപ്പെടുത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. കൃത്യമായ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പേരുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതിനുപുറമേ കള്ളപ്പണവുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ജനങ്ങളാഗ്രഹിക്കുന്നത് അഴിമതി മുക്തവും സംശുദ്ധവുമായ ഒരു ഭരണമാണ്. കള്ളപ്പണം വിദേശത്ത് നിക്ഷേപിക്കാന്‍ കഴിയില്ല എന്നഅവസ്ഥ വന്നാല്‍ കൈക്കൂലിയും അഴിമതിയും വലിയൊരളവില്‍ തുടച്ചുനീക്കാന്‍ കഴിയും. അതിനുള്ള തുടക്കമെന്നനിലയില്‍ സര്‍ക്കാരിന്റെ നീക്കം ശ്ലാഘനീയമാണ് എന്നാല്‍ മുഖം നോക്കാതെ, രാഷ്ട്രീയ പരിഗണനകൂടാതെ വിദേശത്തു കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളവരുടെ മുഴുവന്‍ പേരുവിവരങ്ങളും വെളിപ്പെടുത്തിക്കൊണ്ട് വാക്കും പ്രവര്‍ത്തിയും തമ്മില്‍ വ്യത്യാസമില്ല എന്നു തെളിയിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ആ ധാര്‍മികമായ ചുമതല നിര്‍വഹിക്കുന്നതിന് മോഡി സര്‍ക്കാര്‍ ഒട്ടും അമാന്തിച്ചുകൂട.
Discussion about this post