കൊച്ചി: ഹൈക്കോടതി അനുമതി നിഷേധിച്ച ബാറുകള്‍ അടച്ചുപൂട്ടാന്‍ രണ്ടാഴ്ച സാവകാശം അനുവദിക്കണമെന്ന ബാര്‍ ഉടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റീസ് കെ. സുരേന്ദ്ര മോഹന്റേതാണ് ഉത്തരവ്.
ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീല്‍ സമര്‍പ്പിക്കുന്നതിനു സാവകാശം അനുവദിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയതാണെന്നും ഹര്‍ജിയില്‍ എല്ലാ ബാറുടമകളുടെയും വാദം കേട്ടിരുന്നതായും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഹര്‍ജിയിലെ വാദം നിലനില്‍ക്കുന്നില്ലെന്നു കണെ്ടത്തിയാണു ഹൈ ക്കോടതിയുടെ തീരുമാനം.
ഇന്നലെ ഉച്ചയ്ക്ക് 1.45നു ഹൈക്കോടതി ബാര്‍ ലൈസന്‍സ് കേസില്‍ വിധി പറഞ്ഞ ഉടന്‍തന്നെ അതേ ബെഞ്ചില്‍ ബാറുടമകള്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. പിന്നീടു വൈകുന്നേരം നാലോടെ ഹര്‍ജിയില്‍ വാദം കേട്ടു.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബാറുകള്‍ ഉടന്‍ അടച്ചുപൂട്ടുന്നതു വന്‍ നഷ്ടം ഉണ്ടാക്കുമെന്നും അപ്പീല്‍ അനുവദിക്കുന്നതിനു സാവകാശം ലഭിച്ചില്ലെങ്കില്‍ അപരിഹാര്യമായ നഷ്ടം ഉണ്ടാകുമെന്നും ബാര്‍ ഉടമകളുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ബാറുകള്‍ അടച്ചുപൂട്ടിയാല്‍ തുറക്കുന്നതിനുള്ള സാധ്യത തന്നെ ഇല്ലാതാകുമെന്നും ഇതൊഴിവാക്കണമെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍, ബാറുടമകളുടെ ആവശ്യം അംഗീകരിക്കരുതെന്നായിരുന്നു സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയുടെ വാദം.
ഹര്‍ജിക്കാര്‍ക്ക് ആവശ്യമെങ്കില്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാമെന്നും ഹര്‍ജിക്കാരുടെ ആവശ്യം അംഗീകരിക്കേണ്ടതില്ലെന്നും അഡ്വക്കറ്റ് ജനറല്‍ ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിച്ചായിരുന്നു കോടതിയുടെ ഉത്ത രവ്.
Discussion about this post