പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ആരോഗ്യ മേഖലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍. ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്തിന്റെ വിവിധ ആരോഗ്യ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തീര്‍ഥാടന കാലത്ത് ഗതാഗത വകുപ്പിന്റെ സേഫ്‌സോണ്‍ പദ്ധതി ഫലപ്രദമായി നടന്നതിനാല്‍ അപകട മരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. അതേസമയം മലകയറുമ്പോള്‍ ഹൃദയാഘാതം ഉണ്ടായി മരണം സംഭവിച്ചിട്ടുണ്ട്. ഇതുകണക്കിലെടുത്ത് ഈ തീര്‍ഥാടനകാലത്ത് പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള പ്രധാന പാതയിലും സ്വാമി അയ്യപ്പന്‍ റോഡിലും ഓക്‌സിജന്‍ പാര്‍ലറുകളില്‍ ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കുന്നതിനുള്ള ഓട്ടോമേറ്റഡ് ഡിഫിബ്രിലേറ്റര്‍ എന്ന ഉപകരണം സ്ഥാപിക്കും.
പമ്പയില്‍ ആയൂര്‍വേദം, ഹോമിയോ, അലോപ്പതി ചികിത്സാ സൗകര്യമുള്ള ആശുപത്രിയുടെ ഉദ്ഘാടനം നവംബര്‍ 11 ന് ഉച്ചകഴിഞ്ഞു രണ്ടിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ഇവിടെ 15 കോടി രൂപ ചെലവില്‍ അഞ്ചുനിലകളിലായി ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും താമസിക്കുന്നതിനുള്ള സൗകര്യം ഉള്‍പ്പെടെയാണ് ആശുപത്രി സമുച്ചയം നിര്‍മിച്ചിട്ടുള്ളത്. ശബരിമലയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ള മുഴുവന്‍ റോഡുകളുടെയും അറ്റകുറ്റപ്പണി പത്തിനു മുമ്പ് പൂര്‍ത്തിയാക്കും. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും കുടിവെള്ളക്ഷാമം ഉണ്ടാകില്ല.
പമ്പയിലും സന്നിധാനത്തും ആറുകോടി രൂപ ചെലവില്‍ പുതിയ പൈപ്പ്‌ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. തീര്‍ഥാടനത്തിനു മുന്നോടിയായി ഒന്നിനും രണ്ടിനും മാതാഅമൃതാനന്ദമയീ മഠത്തിലെ സന്നദ്ധ പ്രവര്‍ത്തകര്‍ സന്നിധാനം മുതല്‍ പമ്പവരെയും പമ്പ മുതല്‍ ളാഹ വരെയും ശുചീകരിക്കും. തീര്‍ഥാടനകാലത്ത് ശുചീകരണ പ്രവര്‍ത്തനം നടത്തുന്നതിനുള്ള വിശുദ്ധിസേനാംഗങ്ങളുടെ എണ്ണം 700 ല്‍ നിന്ന് 800 ആക്കി ഈ വര്‍ഷം വര്‍ധിപ്പിച്ചു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇതിനാവശ്യമായ പദ്ധതി തയാറാക്കുന്നതിന് ദേവസ്വം ബോര്‍ഡിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. അഞ്ചിന് ഉച്ചയ്ക്ക് 12 ന് ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവരുടെ യോഗം തിരുവനന്തപുരത്ത് ചേരും.
ശബരിമലയുടെ വികസനത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. ഓരോ വര്‍ഷത്തെയും ബജറ്റിലൂടെ 65 കോടി രൂപ ശബരിമലയിലെ വികസന പ്രവര്‍ത്തനത്തിനായി വിനിയോഗിക്കുന്നുണ്ട്.
ഇതിനൊപ്പം ശബരിമല മാസ്റ്റര്‍പ്ലാന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വലിയ വികസന പദ്ധതികളാണ് തയാറാക്കിയിട്ടുള്ളത്. നിലയ്ക്കലില്‍ 10,000 വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post