തിരുവനന്തപുരം: ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും നാളിതുവരെ കണ്ടെത്തിയിട്ടുളള അനധികൃത നിര്‍മ്മാണങ്ങള്‍ സംബന്ധിച്ചുളള വിശദവിവരം നിശ്ചിത പ്രഫോര്‍മയില്‍ ഒരു മാസത്തിനകം സര്‍ക്കാരിന് ലഭ്യമാക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
കാലാവധിക്കുളളില്‍ അനധികൃതനിര്‍മ്മാണം ക്രമവല്‍ക്കരിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കെതിരെ നിലവിലുളള ആക്ടിലേയും കെട്ടിടനിര്‍മ്മാണ ചട്ടങ്ങളിലേയും വ്യവസ്ഥകള്‍ക്കനുസൃതമായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കും. മാത്രമല്ല യു.എ. നമ്പര്‍ നല്‍കിയിട്ട് ഒരു വര്‍ഷത്തില്‍ കൂടുതലായ എല്ലാ അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ടെന്നുളള റിപ്പോര്‍ട്ട് നവംബര്‍ 30 ന് മുമ്പ് എല്ലാ തദ്ദേശസ്വയംഭരണ സെക്രട്ടറിമാരും ജില്ലാ /മേഖല ഓഫീസര്‍മാര്‍ക്ക് നല്‍കണം. അവര്‍ അത്തരം റിപ്പോര്‍ട്ടുകള്‍ സമാഹരിച്ച് ജില്ല/ മേഖലാതല റിപ്പോര്‍ട്ട് ഡിസംബര്‍ 15 നകം സര്‍ക്കാരിലേക്കു സമര്‍പ്പിക്കണം. വീഴ്ച വരുത്തുന്ന തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ക്കും ജില്ല/ മേഖല ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെയും ശിക്ഷണ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടണ്ട്. സംസ്ഥാനത്ത് ഉടനീളം അനധികൃതനിര്‍മ്മാണങ്ങള്‍ നടക്കുന്നതായും അനധികൃത നിര്‍മ്മാണങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിടും നിയമാനുസൃതമായി നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും തദ്ദേശസ്വയംഭരണ വകുപ്പിലെ വിജിലന്‍സ് വിംഗിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അനധികൃത നിര്‍മ്മാണവുമായി ബന്ധപ്പെട്ട രജിസ്റ്റര്‍ സൂക്ഷിക്കുകയോ, രജിസ്റ്റര്‍ സൂക്ഷിച്ചിട്ടുളളവയില്‍ ശരിയായ രീതിയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുകയോ, രേഖപ്പെടുത്തിയിട്ടുളള വിവരങ്ങള്‍ക്ക് അനുസരിച്ച് നടപടികള്‍ സ്വീകരിക്കുക ചെയ്തിട്ടില്ല. പല കെട്ടിടങ്ങളും യു.എ. നമ്പറിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. ഇപ്രകാരം യു.എ. നമ്പര്‍ ലഭിച്ചിട്ടുളള കെട്ടിടങ്ങള്‍ നിയമാനുസൃതമാക്കുന്നതിനു കെട്ടിട ഉടമയോ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. നിലവിലുളള അനധികൃതനിര്‍മ്മാണങ്ങള്‍ ക്രമവല്‍ക്കരിക്കുന്നതിനായി സര്‍ക്കാര്‍ വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഉത്തരവ് പ്രകാരം ക്രമവല്‍ക്കരണത്തിനുളള അപേക്ഷ നിശ്ചിത കാലാവധിക്കുളളില്‍ സമര്‍പ്പിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. അനധികൃത നിര്‍മ്മാണം ക്രമവല്‍ക്കരിക്കുന്നതിന് പല അവസരങ്ങള്‍ നല്‍കിയിട്ടും കെട്ടിട ഉടമസ്ഥര്‍ ആയത് വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തുന്നില്ലായെന്ന കാര്യം സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുളള സാഹചര്യത്തിലാണ് സര്‍ക്കുലര്‍ പുറപ്പെടവിച്ചിട്ടുളളത്.
Discussion about this post