തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് വിഷ്ണുനാരായണന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തതായി സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. മലയാള ഭാഷക്കും സാഹിത്യത്തിനും നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്താണ് ബഹുമതി അദ്ദേഹത്തിന് സമ്മാനിക്കുന്നത്. 1,50,000 രൂപയും പ്രശസ്തിപത്രവും ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം.
സാഹിത്യഅക്കാദമി പ്രസിഡന്റ് പെരുംമ്പടവം ശ്രീധരന്‍ അദ്ധ്യക്ഷനും കെ.എല്‍. മോഹന വര്‍മ്മ, ഒ.വി.ഉഷ, പ്രൊഫസര്‍ മുഹമ്മദ് അഹമ്മദ് സാസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് നമ്പൂതിരിയെ പുരസ്‌കാര ജേതാവായി തിരഞ്ഞെടുത്തത്.
കവി, ഭാഷാപണ്ഡിതന്‍, വാഗ്മി, സാംസ്‌കാരികചിന്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹം 32 വര്‍ഷം കോളേജധ്യാപകനായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജില്‍നിന്നും വകുപ്പ് അധ്യക്ഷനായി വിരമിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതിസംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയില്‍ പ്രവര്‍ത്തിച്ച അദ്ദഹം 1997 ല്‍ മില്ലിനിയം കോണ്‍ഫറന്‍സ് അംഗമായിരുന്നു. സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം, പ്രണയ ഗീതങ്ങള്‍, ഭൂമിഗീതങ്ങള്‍, ഇന്ത്യ എന്ന വികാരം, മുഖമെവിടെ, അതിര്‍ത്തിയിലേക്ക് ഒരു യാത്ര, ആരണ്യകം, ഉജ്ജയിനിയിലെ രാപ്പകലുകള്‍, പരിക്രമം, കവിതയുടെ ഡി.എന്‍.എ, അസാഹിതീയം, ഗാന്ധി, സസ്യലോകം എന്നിവയാണ് പ്രധാന കൃതികള്‍. ഈ വര്‍ഷം പത്മശ്രീ ലഭിച്ച വിഷ്ണുനാരായണന്‍ നമ്പൂതിരി കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം, വള്ളത്തോള്‍ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, ചങ്ങമ്പുഴ അവാര്‍ഡ്, ഉള്ളൂര്‍ അവാര്‍ഡ്, മാതൃഭൂമി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.
Discussion about this post