തിരുവനന്തപുരം: ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കുന്നതുസംബന്ധിച്ച്, പ്രധാനമന്ത്രിക്ക് നല്‍കുന്നതിനുള്ള, പദ്ധതി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങളില്‍ തീരുമാനമായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്നും ശബരിമല വികസനത്തിനുവേണ്ടി കൂടുതല്‍ വനഭൂമി വിട്ടുതരണമെന്നുമുള്ള കേരളത്തിന്റെ ആവശ്യം മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും, പ്രധാനമന്ത്രിയെയും കേന്ദ്ര പരിസ്ഥിതി-വനം മന്ത്രിയെയും ഡല്‍ഹിയില്‍ച്ചെന്നു കണ്ട് രേഖാമൂലം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, ഒക്‌ടോബര്‍ 30 ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത ഉന്നതതലയോഗം, വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ദേവസ്വം ബോര്‍ഡിനെയും ശബരിമല ഉന്നതാധികാര സമിതിയെയും ചുമതലപ്പെടുത്തി. ഈ റിപ്പോര്‍ട്ട്, ഇനിപ്പറയുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കാനാണ് തീരു
മാനിച്ചത്.
ശബരിമലയെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമാക്കി പ്രഖ്യാപിക്കുക.പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ശുപാര്‍ശ ചെയ്തതുപോലെ, സന്നിധാനം-പമ്പ മേഖലകളില്‍ 500 ഹെക്ടര്‍ വനഭൂമി പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന്റെ പരിധിയില്‍ നിന്നും വേര്‍പെടുത്തി നല്‍കുക. നിലയ്ക്കല്‍, പൂര്‍ണ്ണമായും ബേസ് ക്യാമ്പാക്കി മാറ്റുന്നതിന് 400 ഹെക്ടര്‍ ഭൂമിയും സാമ്പത്തിക സഹായവും നല്‍കുക. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ തയ്യാറാക്കിയ ശബരിമല മാസ്റ്റര്‍ പ്ലാന്‍ പൂര്‍ണ്ണമായും നടപ്പിലാക്കുന്നതിന് 1250 കോടി രൂപ അനുവദിക്കുക. പമ്പ നദിയെ മാലിന്യമുക്തമാക്കുന്നതിനുള്ള, ആക്ഷന്‍പ്ലാനിന്റെ രണ്ടാം ഘട്ടത്തിന് അനുമതി നല്‍കുക. നിലയ്ക്കല്‍-പമ്പ മോണോറെയില്‍ സ്ഥാപിക്കാന്‍ സാമ്പത്തിക സഹായം നല്‍കുക. കേന്ദ്ര സര്‍ക്കാരിന്റെ പില്‍ഗ്രിം റെജുനറേഷന്‍ സ്പിരിച്വല്‍ ഓഗ്മെന്റേഷന്‍ ആന്റ് ഡവലപ്‌മെന്റ് പദ്ധതിയില്‍ ശബരിമലയെക്കൂടി ഉള്‍പ്പെടുത്തുക. പില്‍ഗ്രിം ടൂറിസത്തില്‍ ശബരിമലയെ ഉള്‍പ്പെടുത്തി നിലയ്ക്കലിലും മറ്റ് ഇടത്താവളങ്ങളിലും സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ധനസഹായം നല്‍കുക. നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ ഉള്‍പ്പെടുത്തി ശബരിമലയുടെ സുരക്ഷാ സംവിധാനത്തിന് പദ്ധതി തയ്യാറാക്കുക. ശബരിമലയില്‍ യു.ജി /എ.ബി.സി കേബിള്‍ സ്ഥാപിച്ച് വൈദ്യുതി വിതരണം സുഗമമാക്കാന്‍ സഹായം അനുവദിക്കുക. ശബരിമല തീര്‍ത്ഥാടകര്‍ക്കായി മള്‍ട്ടി പര്‍പ്പസ് ഹോസ്പിറ്റല്‍ സ്ഥാപിക്കാന്‍ സഹായം നല്‍കുക. അനുബന്ധ റോഡുകളുടെയും ഇടത്താവളങ്ങളുടെയും നിര്‍മ്മാണത്തിന് 750 കോടി രൂപയുടെ സാമ്പത്തിക സഹായം ലഭ്യമാക്കുക. ശബരി റെയില്‍പ്പാത യാഥാര്‍ത്ഥ്യമാക്കാന്‍ നടപടി സ്വീകരിക്കുക. കുന്നാര്‍ ഡാം വിപുലീകരണ പദ്ധതി നടപ്പിലാക്കി, ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ കുടിവെള്ള വിതരണം മെച്ചപ്പെടുത്തുവാന്‍ ധനസഹായം അനുവദിക്കുക. നിലയ്ക്കലില്‍ വേദ-താന്ത്രിക് സര്‍വ്വകലാശാല സ്ഥാപിക്കാന്‍ സഹായിക്കുക.ഇത്രയും കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പദ്ധതി റിപ്പോര്‍ട്ട്, പ്രധാനമന്ത്രിക്ക് നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ച് ശബരിമല ഉന്നതാധികാരസമിതി ചെയര്‍മാന്‍ കെ. ജയകുമാര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി.
യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍ നായര്‍, മെമ്പര്‍മാരായ സുബാഷ് വാസു, പി.കെ. കുമാരന്‍, ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ബോര്‍ഡ് കമ്മീഷണര്‍ പി. വേണുഗോപാല്‍, ചീഫ് എന്‍ജിനീയര്‍മാരായ പി.എസ്. ജോളി ഉല്ലാസ്, ജി. മുരളീകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ശങ്കരന്‍ പോറ്റി, ശബരിമല ഹൈപ്പവര്‍ കമ്മിറ്റിയുടെ ആര്‍ക്കിടെക്ട് മഹേഷ് എന്നിവര്‍ പങ്കെടുത്തു.
Discussion about this post