കൊച്ചി: തീവ്രവാദ സ്വഭാവം ആരോപിക്കപ്പെടുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ വേരുകള്‍ തേടി കേരള പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഘടനയുടെ കേരളത്തിനു പുറത്തുള്ള ബന്ധങ്ങളും സാമ്പത്തിക സ്രോതസുകളും പോലീസ് രഹസ്യമായി അന്വേഷിക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ച് ഇതുവരെ പോലീസിനുണ്ടായിരുന്ന ചിത്രം അപൂര്‍ണമാണെന്നാണ് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. തൊടുപുഴ ന്യൂമന്‍ കോളജിലെ അധ്യാപകന്റെ കൈ വെട്ടിയ കേസിന്റെ അന്വേഷണത്തിനിടെ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കളുടെ വീടുകളിലും പാര്‍ട്ടി ഓഫീസുകളിലും റെയ്‌ഡ് നടത്തിയിരുന്നു. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് റെയ്‌ഡിനിടെ പോലീസിനു ലഭിച്ചിട്ടുള്ളത്.
കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കണമെന്നു തീരുമാനമെടുത്ത യോഗത്തിന്റെ മിനിട്‌സുമുതല്‍ താലിബാന്‍, അല്‍ ഖായിദ പരിശീലനത്തിന്റെ ടിവി ദൃശ്യങ്ങളടങ്ങിയ സിഡികള്‍ വരെ പോലീസ് ഇത്തരത്തില്‍ കണ്ടെടുത്തു. ഇത് അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. കേരളത്തിലെ സാമുദായിക സാമൂഹ്യ രംഗങ്ങളില്‍ ചെറിയ സാനിധ്യം മാത്രമാണ് പോപ്പുലര്‍ ഫ്രണ്ടെന്ന മുന്‍ ധാരണയെ തിരുത്തുന്ന തരത്തിലുള്ളതാണ് പോലീസിനു ലഭിക്കുന്ന വിവരങ്ങള്‍.
അധ്യാപകന്റെ കൈവെട്ടിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ടു പ്രവര്‍ത്തകരെ അറസ്റ്റു ചെയ്‌ത് മണിക്കൂറിനുള്ളില്‍ പെരുമ്പാവൂരില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത റാലി നടന്നിരുന്നു. ഇത്ര പെട്ടെന്ന് ഇത്രത്തോളം പ്രവര്‍ത്തകരെ റാലിക്കെത്തിക്കാനായത് നിസാരമായി കാണാനാവില്ലെന്നാണ് പോലീസ് അധികൃതര്‍ പറയുന്നത്. അന്ന് റാലിയില്‍ പങ്കെടുത്തവരെ പോലീസ് കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്.
ഇതില്‍ ഏതാനും പേര്‍ ഇപ്പോള്‍ പോലീസിന്റെ കസ്‌റ്റഡിയിലാണ്. ലഘുലേഖകള്‍ തയാറാക്കുന്നതിനും മറ്റു പരിശീലന പരിപാടികള്‍ക്കും പോപ്പുലര്‍ ഫ്രണ്ടിന് പണം ലഭിക്കുന്നത് എവിടെനിന്നാണെന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദേശ സഹായം സംഘടനക്കുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷിക്കും.
Discussion about this post