കൊച്ചി: നിറ്റ ജലാറ്റിന്‍ കമ്പനിയുടെ കോര്‍പറേറ്റ് ഓഫീസ് അടിച്ചു തകര്‍ത്ത സംഘത്തിലെ രണ്ടു പേരെ കണെ്ടത്താന്‍ പോലീസ് ഊര്‍ജിത ശ്രമം തുടങ്ങി. കമ്പനി ഓഫീസിനു പുറത്ത് സ്ഥാപിച്ചിരുന്ന ക്യാമറയിലും സമീപത്തെ ബാങ്ക് ശാഖയുടെ ഓഫീസിനു മുന്നില്‍ സ്ഥാപിച്ച ക്യാമറയിലും പതിഞ്ഞ രണ്ടു പേരെ കണെ്ടത്താനാണ് നീക്കം. ഇതിനായി ഇവരുടെ രേഖാചിത്രങ്ങള്‍ തയാറാക്കി. എല്ലാ പോലീസ് സ്‌റ്റേഷനുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും പൊതുസ്ഥലങ്ങളിലും രേഖാചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കുറ്റവാളികള്‍ക്കെതിരേ യുഎപിഎ ചുമത്താനും തീരുമാനമായിട്ടുണ്ട്.
ഭീകര മാവോയിസ്റ്റ് സംഘത്തില്‍പെട്ടവരാണ് അക്രമികളെന്നാണ് ഇതുവരെയുള്ള വിലയിരുത്തല്‍. 2013 ഒക്ടോബര്‍ 24ന് കേരളത്തില്‍ നടന്ന ഒരു മാവോയിസ്റ്റ് യോഗത്തില്‍ സംബന്ധിക്കാനെത്തിയവരുടെ വിശദാംശങ്ങളും ശേഖരിച്ചു വരികയാണ്. ഒമ്പതംഗ സംഘമാണ് തിങ്കളാഴ്ച മുഖംമൂടി ആക്രമണം നടത്തിയത്. ആക്രമണം നടത്തുന്നതിനു തൊട്ടുമുമ്പാണ് മുഖംമറയ്ക്കാതെ രണ്ടു പേര്‍ രംഗനിരീക്ഷണത്തിനായി എത്തിയത്. ആറു മിനിറ്റു മാത്രമാണ് ആക്രമണം നീണ്ടു നിന്നതെന്ന് മറ്റു സിസി ക്യാമറ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. 25 മുതല്‍ 35 വയസുവരെ പ്രായമുള്ളവരാണ് സംഘത്തിലുണ്ടായിരുന്നതെന്നും കരുതപ്പെടുന്നു.
വിവിധ സ്ഥലങ്ങളില്‍ നിന്നായി ഒന്നും രണ്ടും പേരടങ്ങുന്ന സംഘങ്ങളായാണ് ഇവര്‍ ഓഫീസ് പരിസരത്തെത്തിയിരുന്നത്. ആക്രമണം തുടങ്ങുന്നതിനു തൊട്ടു മുമ്പായി സംഘാംഗങ്ങളിലൊരാള്‍ നിറ്റാ ജലാറ്റിന്റെ ഓഫീസിനു സമീപത്തേയ്ക്കു എത്തി മറ്റുള്ളവര്‍ക്കു സിഗ്നല്‍ നല്‍കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. രണ്ടു പേര്‍ റോഡിന്റെ മറുഭാഗത്തു നിന്നും ഓഫീസിലേയ്ക്ക് പ്രവേശിക്കുന്നതും കാണാം. ഹോക്കി സ്റ്റിക്കുകളും ഇരുമ്പു പൈപ്പുകളും ഉള്‍പ്പെടുന്ന ബാഗ് രണ്ടു പേര്‍ ചുമന്നാണ് വന്നിരുന്നത്. ഇരുമ്പ് പൈപ്പുകളും രക്തത്തിന്റെ കറകളും സംഭവസ്ഥലത്തുനിന്നും കണെ്ടത്തി. അക്രമത്തിനു ശേഷം റെയില്‍വേ ഗേറ്റ് വശത്തേക്കു നീങ്ങിയ സംഘത്തെ പിന്നീട് കണ്ടിട്ടില്ല. ഈ ഭാഗത്ത് നിര്‍ത്തിയിരുന്ന വാഹനത്തില്‍ ഇവര്‍ രക്ഷപ്പെട്ടതാകാന്‍ സാധ്യതയുണെ്ടന്നാണ് പോലീസ് കരുതുന്നത്.
സംഘാംഗങ്ങളില്‍ ചിലര്‍ ഹിന്ദിയിലാണ് സംസാരിച്ചിരുന്നതെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പറയുന്നുണ്ട്. ഇത് ശരിയാണെങ്കില്‍ സംസ്ഥാനത്തിനു പുറത്തു നിന്നുള്ളവര്‍ക്കും സംഭവത്തില്‍ ബന്ധനുണ്ടാകാം. അതല്ലെങ്കില്‍ അന്വേഷണം വഴി തിരിച്ചു വിടാനുളള തന്ത്രമായിരിക്കും ഹിന്ദി സംഭാഷണമെന്നാണ് പോലീസ് കരുതുന്നത്.
അതേസമയം നഗരമധ്യത്തിലെ വ്യവസായ ഓഫീസിനു നേരെ പകല്‍ വെളിച്ചത്തിലുണ്ടായ ആക്രമണത്തില്‍ വ്യവസായ മേഖല ഞെട്ടല്‍ പ്രകടിപ്പിച്ചു. കൊച്ചിന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ്, ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് സംഘടനകള്‍ സംഭവത്തെ അപലപിച്ചു. തൊഴിലാളി യൂണിയനുകളും അക്രമത്തെ അപലപിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്ന് വ്യവസായികളും തൊഴിലാളികളും സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
ഓഫീസ് അക്രമണത്തില്‍ നാല്‍പ്പത് ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സംഭവത്തെ ചെറുതായി കാണരുതെന്ന് അവര്‍ പറയുന്നു. വ്യവസായശാലകള്‍ക്ക് മതിയായ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് വ്യവസായികള്‍ ആവശ്യപ്പെടുന്നു. നിലവില്‍ സിറ്റി പോലീസ് കമ്മീഷര്‍ കെ.ജി. ജയിംസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘമാണ് സംഭവം അന്വേഷിക്കുന്നത്. മാവോയിസ്റ്റ് സംഘമാണ് അക്രമം നടത്തിയതെന്ന് വ്യക്തമായാല്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തും.
Discussion about this post