ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില കുറയും. ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജ്യത്തെ പ്രമുഖ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് ഒരു രൂപ കുറയ്ക്കുമെന്നാണു സൂചന.
ഈ മാസം 15 നു പുതിയ വില നിലവില്‍ വരുമെന്നു പ്രതീക്ഷിക്കുന്നു. ജാര്‍ഖണ്ഡ്, ജമ്മു-കാഷ്മീര്‍ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനു പത്തുദിവസം മുമ്പ് വില കുറയ്ക്കാനാണു എണ്ണക്കമ്പനികള്‍ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ജൂണിനുശേഷം പെട്രോളിന് ഇത് ഏഴാം തവണയും ഡീസലിന് മൂന്നാം തവണയുമാണ് വില കുറയ്ക്കുന്നത്.
രാജ്യാന്തര വിലനിലവാരമനുസരിച്ച് പെട്രോളിന്റെയും ഡീസലിന്റെയും വില നിര്‍ണയിക്കുന്നതിനുള്ള എണ്ണക്കമ്പനികളുടെ യോഗം എല്ലാ മാസവും രണ്ടുപ്രാവശ്യം നടക്കും. 15 ദിവസത്തെ ശരാശരി വിലയുടെ അടിസ്ഥാനത്തിലും ഡോളര്‍-രൂപ വിനിമയ നിരക്കിന്റെയും അടിസ്ഥാനത്തിലാണ് പെട്രോള്‍, ഡീസല്‍ വില നിശ്ചയിക്കുന്നത്. രാജ്യാന്തര വിപണിയില്‍ അടുത്ത ദിവസങ്ങളില്‍ എണ്ണവില കുറഞ്ഞാല്‍ കൂടുതല്‍ കുറവ് പ്രതീക്ഷിക്കാം. രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് അസംസ്‌കൃത എണ്ണ വില്‍പന നടന്നത്.
Discussion about this post