തിരുവനന്തപുരം: നവംബര്‍ 17 ന് ആരംഭിക്കുന്ന ശബരിമല മണ്ഡലം-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആറ്റുകാല്‍ ഇടത്താവളത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.
ശ്രീപത്മനാഭസ്വാമിക്ഷേത്രദര്ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് വാഹനങ്ങള്‍ പാക്ക്ചെയ്യുന്നതിനുള്ള സൗകര്യം ആറ്റുകാല്‍ക്ഷേത്ര പരിസരത്തും ഐരാണിമുട്ടം ഹോമിയോ കോളേജ് പരിസരത്തും ഒരുക്കും. ഇവിടെനിന്നും ശ്രീപത്മനാഭസ്വോമിക്ഷേത്രത്തിലേക്കും തിരികെയും കെഎസ്ആര്‍ടിസി ആവശ്യാനുസൃതം ബസ് സര്‍വ്വീസുകള്‍ നടത്തും. ഇതിനായി രണ്ടിടങ്ങളിലും സ്റ്റേഷന്‍മാസ്റ്റര്‍മാരുടെ ഓഫീസുകള്‍ തുറക്കും. ഗതാഗതനിയന്ത്രണത്തിനും തീര്ത്ഥാടകസുരക്ഷയ്ക്കും ആവശ്യമായ ക്രമീകരണങ്ങളെല്ലാം പോലീസ് ഏര്‍പ്പെടുത്തും. ഹോംഗാര്‍ഡുകളുടെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തും. കുടിവെള്ളവിതരണം മുടക്കംകൂടാതെ നടത്തുന്നതിന് ജല അതോറിറ്റി നടപടി സ്വീകരിക്കും. കെഎസ്ഇബി ആവശ്യാനുസൃതം വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കും. പോലീസും റവന്യൂവകുപ്പും ആറ്റുകാലില്‍ കണ്ട്രോള് റൂമുകള്‍ തുറക്കും. ആരോഗ്യവകുപ്പ് മൊബൈല്‍ ക്ലിനിക്കുകള്‍ ഏര്‍പ്പെടുത്തും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭ നേതൃത്വം നല്‍കും. അഗ്നിശമനസേന ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ തെക്കേതെരുവില്‍ അനധികൃത പാര്‍ക്കിങ് ഒഴിവാക്കും. ആറ്റുകാല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ആഹാരം പാകംചെയ്യുന്നതും കുളിക്കുന്നതും കര്‍ശനമായി നിരോധിക്കും. കേശവദാസപുരം ഉള്‍പ്പെടെയുള്ള പ്രധാന കവലകളില്‍ വിവിധ ഭാഷകളിലുള്ള സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കും. ഭക്ഷ്യസുരക്ഷാ വകുപ്പും സിവില്‍ സപ്ലൈസ് വകുപ്പും സ്ക്വാഡുകളെ വിന്യസിക്കും. വില നിയന്ത്രണം കര്‍ശനമാക്കും. വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സെക്രട്ടേറിയറ്റില്ച്ചേര്ന്ന യോഗത്തില്‍ കൗണ്‍സിലര്‍മാരായ സി.ജയന്, എസ്.ഉദയലക്ഷ്മി, ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷ്, പി.ഡബ്ല്യൂ.ഡി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ രവിവര്‍മ്മന്‍, എസ്. ചന്ദ്രകുമാര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബേബി ജോണ്‍സ്, ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ്, സെക്രട്ടറി, നഗരസഭാ ഹെല്‍ത്ത് ഓഫീസര്‍ ഡോ. സി. ഉമ്മുസല്‍മ, കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) പി.എം. ഷറഫ് മുഹമ്മദ്, വകുപ്പുതല ഉദ്യോഗസ്ഥന്മാര് തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post