തിരുവനന്തപുരം: വിവാദങ്ങളല്ല സംവാദങ്ങളാണ് കേരളത്തിന് ഇന്ന് ആവശ്യമെന്ന് ധനമന്ത്രി കെ.എം.മാണി.ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ 2013-ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി.ഭാസ്‌കറിന് സമര്‍പ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സരാധിഷ്ഠിത മാധ്യമ ലോകത്ത് വിവാദങ്ങളുടെ പിന്നാലെയാണ് ഇന്നത്തെ പത്ര-ദൃശ്യ മാധ്യമ സമൂഹം പോകുന്നത്.ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ശരിയും തെറ്റും തിരിച്ചറിയാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. ആഗോളീകരണ കാലത്ത് ലാഭം മാത്രം ലാക്കാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ മൂലം മൂല്യം നഷ്ടമാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാകണം. നേരറിയാന്‍ ജനങ്ങളെ സഹായിക്കുകയാണ് മാധ്യമ ധര്‍മമെന്നും ധനമന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ സ്വയം വിമര്‍ശനവും ആത്മപരിശോധനയും നടത്തേണ്ടിയിരിക്കുന്നു. മാധ്യമങ്ങള്‍ ജനാധിപത്യത്തിലെ തിരുത്തല്‍ ശക്തിയായി മാറേണ്ടിയിരിക്കുന്നു. നശികരണ ശക്തിയാകാതെ ക്രിയാത്മകമാകണം മാധ്യമ പ്രവര്‍ത്തനം.അപ്പോള്‍ മാത്രമേ മാധ്യമ പ്രവര്‍ത്തനം സര്‍ഗാത്മകമാകുകയുള്ളുവെന്നും ധനമന്ത്രി പറഞ്ഞു. മൂല്യാധിഷ്ഠിത പത്ര പ്രവര്‍ത്തന പാരമ്പര്യമുള്‍ക്കൊള്ളുന്ന അവാര്‍ഡ് ജേതാവ് ബി.ആര്‍.പി.ഭാസ്‌കര്‍ പുതുതലമുറ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അനുകരണീയ മാതൃകയാണെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.ദേശീയ മാധ്യമങ്ങില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും മലയാളം മറക്കാത്ത പത്രപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. പൗരാവകാശം നിഷേധിക്കപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി എന്നും പ്രവര്‍ത്തന മേഖലയില്‍ ഉറച്ചു നിന്ന വ്യക്തിയാണ് ബി.ആര്‍.പി.ഭാസ്‌കര്‍. വാക്കുകളിലും പ്രവര്‍ത്തിയിലും പീഡിതര്‍ക്കൊപ്പം നിലകൊണ്ട അസാമന്യ പ്രതിഭയാണ് അദ്ദേഹമെന്നും ധനമന്ത്രി പറഞ്ഞു.പുതിയൊരു വായനാ സംസ്‌ക്കാരത്തിന് വഴിതെളിച്ച കേസരിയുടെയും പൗരാവകാശത്തിനും ജനാധിപത്യത്തിനും വേണ്ടി നിലകൊണ്ട സ്വദേശാഭിമാനിയുടെയും പേരിലുള്ള അവാര്‍ഡിന് ബി.ആര്‍.പി.ഭാസ്‌കര്‍ തികച്ചും അര്‍ഹനാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ രംഗത്ത് അനുകരണനാര്‍ഹമായ നിരവധി മാതൃകകളുടെ വ്യക്തിത്വമാണ് ബി.ആര്‍.പി.ഭാസ്‌കറെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന സാംസ്‌കാരിക- ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. സാമൂഹ്യ പ്രശ്‌നങ്ങളില്‍ നിലപാടുകളില്‍ ഉറച്ചു നിന്നുകൊണ്ട് വിട്ടു വീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങളുമായി എന്നും മുന്നില്‍ നിന്ന വ്യക്തിത്വമാണ് ബി.ആര്‍.പി.ഭാസ്‌കറിന്റേതെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതമാശംസിച്ചു. വകുപ്പ് ഡയറക്ടര്‍ മിനി ആന്റണി ,കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്‍.പത്മനാഭന്‍, തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് പി.പി.ജെയിംസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡെപ്യൂട്ടി ഡയറക്ടര്‍ സി.ആര്‍.രാജമോഹന്‍ കൃതജ്ഞത രേഖപ്പെടുത്തി. അഡീഷണല്‍ ഡയറക്ടര്‍ സി.രമേശ് കുമാര്‍ പ്രശസ്തിപത്രം വായിച്ചു. പുരസ്‌കാര ജേതാവ് ബി.ആര്‍.പി.ഭാസ്‌കര്‍ മറുപടിപ്രസംഗം നടത്തി.
Discussion about this post