തിരുവനന്തപുരം: പാചകവാതക സബ്‌സിഡി ബാങ്ക് വഴി നേരിട്ട് നല്‍കുമ്പോള്‍ ആധാര്‍ ഇല്ലാത്തവര്‍ക്കും സബ്‌സിഡി ലഭിക്കുന്നതിന് പ്രത്യേക സൗകര്യങ്ങളൊരുക്കാന്‍ ജില്ലാ സപ്ലൈ ഓഫീസറുടെ അധ്യക്ഷതയില്‍ കളക്‌ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ആധാര്‍ കാര്‍ഡ് ഇല്ലാത്ത ഉപഭോക്താക്കള്‍ തങ്ങളുടെ 17 അക്ക കസ്റ്റമര്‍ ഐ.ഡി. നിശ്ചിതഫോമില്‍ രേഖപ്പെടുത്തി ബാങ്കുകളില്‍ നേരിട്ട് നല്‍കുകയോ ഗ്യാസ് ഏജന്‍സികള്‍ക്ക് നല്‍കുകയോ വേണം.www.mylpg.in വെബ്‌സൈറ്റ് വഴിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ഗ്യാസ് ഏജന്‍സികള്‍ പ്രതേ്യക ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിക്കണമെന്ന് യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ആവശ്യപ്പെട്ടു. അപേക്ഷ സമമര്‍പ്പിക്കുന്നതിനുവേണ്ട ഫോമുകളും മറ്റ് സഹായങ്ങളും ലഭ്യമാക്കണം. സബ്‌സിഡി തുക ബാങ്കുകള്‍ വഴി വിതരണം ചെയ്യുന്നതിന് വേണ്ട തയ്യാറെടുപ്പുകള്‍ ഡിസംബര്‍ ഒന്നിന് മുന്‍പ് എല്ലാ ബാങ്കുകളും പൂര്‍ത്തിയാക്കുമെന്ന് ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു. ഇന്‍ഡ്യന്‍ ബാങ്ക് ഇതിനകം തന്നെ പൂര്‍ണ്ണമായും സജ്ജമായിക്കഴിഞ്ഞു. തിരുവനന്തപുരം ജില്ലയിലെ 69 ശതമാനത്തോളം ഉപഭോക്താക്കള്‍ ആധാര്‍ കാര്‍ഡ് ബാങ്കുകളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. എല്ലാ ബാങ്കുകളിലും പാചകവാതക സബ്‌സിഡി സംബന്ധിച്ച പരാതികള്‍ പരിഹരിക്കുവാന്‍ ഒരു ഉദേ്യാഗസ്ഥനെ പ്രതേ്യകമായി നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു. പരാതികള്‍ ഉപഭോക്താവില്‍ നിന്നും എഴുതി വാങ്ങി ഗ്യാസ് ഏജന്‍സികള്‍ ലീഡ്‌ബാങ്ക് മാനേജര്‍ക്ക് നല്‍കണം. ഇതിനായുളള മാതൃകാഫോം ഗ്യാസ് ഏജന്‍സികള്‍ക്ക് നല്‍കും. ആധാര്‍ കാര്‍ഡ് നേടിയവര്‍ ഒരു കാരണവശാലും അത് മറച്ചുവച്ച് തങ്ങളുടെ കസ്റ്റമര്‍ ഐ.ഡി. ബാങ്കുമായി ബന്ധിപ്പിക്കുവാന്‍ ശ്രമിക്കരുതെന്നും ആധാര്‍ കാര്‍ഡ് ഉളളയാളാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഓയില്‍ കമ്പനി പ്രതിനിധികള്‍ അറിയിച്ചു. തെറ്റായ ആധാര്‍ നമ്പര്‍ കൊടുത്താല്‍ സബ്‌സിഡി തുക ലഭിക്കാത്ത സാഹചര്യങ്ങള്‍ ഉണ്ടാകും. ആധാര്‍ ഇല്ലാത്തവര്‍ക്ക് സബ്‌സിഡി നല്‍കുന്നതിനുളള സംവിധാനം താല്‍ക്കാലികം മാത്രമാകാന്‍ സാധ്യതയുളളതിനാല്‍ എല്ലാ ഉപഭോക്താക്കളും അടുത്ത മൂന്ന് മാസത്തിനുളളില്‍ ആധാര്‍ കാര്‍ഡ് സ്വന്തമാക്കണമെന്ന് ഓയില്‍ കമ്പനി പ്രതിനിധികള്‍ അഭ്യര്‍ത്ഥിച്ചു
. ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍, ഗ്യാസ് ഏജന്‍സികളുടെ പ്രതിനിധികള്‍, ഡി.ബി.റ്റി.എല്‍. നിര്‍വഹണസമിതി അംഗങ്ങള്‍തുടങ്ങിയവരാണ് എല്‍.പി.ജി. ഡയറക്‌ട് ബെനിഫിറ്റ് ട്രാന്‍സ്‌ഫര്‍ സ്‌കീം സംബന്ധിച്ച യോഗത്തില്‍ പങ്കെടുത്തത്.
Discussion about this post