തിരുവനന്തപുരം: 2014 ലെ സംസ്ഥാന കഥകളി പുരസ്‌കാരം, പല്ലാവൂര്‍അപ്പുമാരാര്‍ പുരസ്‌കാരം, കേരളീയ നൃത്ത്യ-നാട്യ പുരസ്‌കാരം എന്നിവ സാംസ്‌കാരികമന്ത്രി കെ.സി ജോസഫ് പ്രഖ്യാപിച്ചു. കഥകളി പുരസ്‌കാരത്തിന് തോന്നയ്ക്കല്‍ പീതാംബരനും, പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാരത്തിന് ചെര്‍പ്പുളശ്ശേരി ശിവനും, കേരളീയ നൃത്ത്യ-നാട്യ പുരസ്‌കാരത്തിന് കലാമണ്ഡലം ലീലാമ്മയുമാണ് അര്‍ഹരായിട്ടുള്ളത്. ഒരുലക്ഷം രൂപയും, പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കേരളകലാമണ്ഡലം വൈസ്ചാന്‍സിലര്‍ പി.എന്‍.സുരേഷ് അദ്ധ്യക്ഷനായുള്ള മൂന്ന് സമിതികളാണ് കലാപുരസ്‌കാര ജേതാക്കളെ നിര്‍ണയിച്ചത്.
കഥകളി പുരസ്‌കാര ജേതാവ് നിര്‍ണ്ണയ സമിതിയില്‍ പദ്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍നായര്‍, നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, പ്രൊഫ.വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജും പല്ലാവൂര്‍ അപ്പുമാരാര്‍പുരസ്‌കാര ജേതാവ് നിര്‍ണ്ണയ സമിതിയില്‍ പന്തളം സുധാകരന്‍, കലാമണ്ഡലം ഉണ്ണിക്കൃഷ്ണന്‍, പ്രൊഫ.വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള, സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി പാവനകുമാരിയും കേരളീയ നൃത്ത്യ-നാട്യ പുരസ്‌കാര ജേതാവ് നിര്‍ണ്ണയ സമിതിയില്‍ പന്തളം സുധാകരന്‍, കലാമണ്ഡലം സരസ്വതി, കലാമണ്ഡലം രാമചാക്യാര്‍ സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി പാവനകുമാരിയും അംഗങ്ങളുമായിരുന്നു. കഥകളിയരങ്ങില്‍ യുക്തിവിചാരത്തിന്റെയും രസാഭിനയത്തിന്റെയും സാക്ഷാത്കാരമായിരുന്ന കലാമണ്ഡലം കൃഷ്ണന്‍ നായരുടെ ശിഷ്യനും സുപ്രശസ്ത നടനുമാണ് തോന്നയ്ക്കല്‍ പീതാംബരന്‍. കഥകളിയിലെ പച്ച, കത്തി, താടി, മിനുക്ക് വേഷങ്ങളില്‍ ഒരുപോലെ തിളങ്ങുന്ന നടനാണ് ശ്രീ. പീതാംബരന്‍. നളന്‍, ബാഹുകന്‍, ധര്‍മപുത്രര്‍, അര്‍ജുനന്‍, കീചകന്‍, രാവണന്‍, പരശുരാമന്‍, ബ്രാഹ്മണന്‍ എന്നിവയാണ് പീതാംബരന്റെ സഹൃദയപ്രീതി നേടിയ വേഷങ്ങള്‍. കേന്ദ്ര-സംസ്ഥാന സംഗീതനാടക അക്കാദമി അവാര്‍ഡുമടക്കം ധാരാളം ബഹുമതികള്‍ തോന്നയ്ക്കല്‍ പീതാംബരന് ലഭിച്ചിട്ടുണ്ട്. കഥകളിസംബന്ധിയായ രണ്ടു ഗ്രന്ഥങ്ങളുടെ കര്‍ത്താവുകൂടിയാണ് പീതാംബരന്‍. കൊല്ലം ജില്ലയിലെ കൊട്ടിയമാണ് ജന്മദേശം.
കേരളത്തിലെ സംഘവാദ്യകലകളില്‍ പ്രഥമസ്ഥാനത്തുള്ള പഞ്ചവാദ്യത്തിന്റെ പെരുമ നിലനിര്‍ത്തുന്നതില്‍ മദ്ദളകലാകാരനായ ചെര്‍പ്പുളശ്ശേരി ശിവന്റെ പങ്ക് നിസ്തുലമാണ്. കൊളമംഗലത്ത് നാരായണന്‍നായര്‍ അടക്കം പ്രഗല്ഭരായ ആചാര്യന്മാരില്‍ നിന്നും മദ്ദളത്തില്‍ കറകളഞ്ഞ അഭ്യാസം സിദ്ധിച്ച ചെര്‍പ്പുളശ്ശേരി ശിവന്‍, മധ്യകേരളത്തിലെ തൃശ്ശൂര്‍ പൂരമടക്കമുള്ള ഉത്സവങ്ങളില്‍ മദ്ദളപ്രമാണിയാണ്. വാസനയുടെയും സാധനയുടെയും മാന്ത്രികദീപ്തിയും ഭാവനയുടെ സൈ്വരസഞ്ചാരവുമാണ് ശിവന്റെ പഞ്ചവാദ്യമദ്ദളത്തില്‍ കാണുന്നത്. കഥകളിയരങ്ങിലും ശിവന്‍ തന്റെ പ്രഭാവം തെളിയിച്ചിട്ടുണ്ട്. കേരള കലാമണ്ഡലം ഫെലോഷിപ്പും കേരള സംഗീത നാടക അക്കാദമി അവാര്‍ഡുമടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരള കലാമണ്ഡലത്തില്‍ നിന്ന് നൃത്തപഠനം പൂര്‍ത്തിയാക്കിയ ലീലാമ്മ കഴിഞ്ഞ മൂന്നരപതിറ്റാണ്ടിലേറെയായി നൃത്തകലാരംഗത്ത് പ്രസിദ്ധയാണ്. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുഡി എന്നിവയില്‍ അഭ്യാസം നേടിയെങ്കിലും മോഹിനിയാട്ടത്തിലാണ് ലീലാമ്മ പില്‍ക്കാലം തന്റെ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ചത്. സാഹിത്യഭാവമുള്‍ക്കൊണ്ട് നായികയുടെ വിവിധ ഭാവങ്ങള്‍ സാന്ദ്രമായി ആവിഷ്‌ക്കരിക്കാന്‍ അസാമാന്യമായ പ്രാഗല്ഭ്യമുണ്ട് ലീലാമ്മയ്ക്ക്. കേരള കലാമണ്ഡലത്തിലെ നൃത്തവിഭാഗം അധ്യക്ഷയായിട്ടാണ് ജോലിയില്‍ നിന്ന് വിരമിച്ചത്. കേന്ദ്ര-കേരള സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍, കേരള കലാമണ്ഡലം അവാര്‍ഡ്, കേന്ദ്ര സാംസ്‌കാരികവകുപ്പ് സീനിയര്‍ ഫെലോഷിപ്പ് എന്നിവ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.
Discussion about this post