തിരുവനന്തപുരം: പഞ്ചായത്തുകളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സന്‍സദ് ആദര്‍ശ് ഗ്രാമയോജന(എസ്.എ.ജി.വൈ) പദ്ധതിക്കു സംസ്ഥാനത്ത് കില നേതൃത്വം നല്‍കും. ഓരോ പാര്‍ലമെന്റ് മണ്ഡലത്തിലും എം.പി. മാര്‍ തെരഞ്ഞെടുക്കുന്ന ഗ്രാമപഞ്ചായത്തുകളിലായിരിക്കും പദ്ധതി നടപ്പാക്കുക.
2016 നകം ഇരുപതു ഗ്രാമപഞ്ചായത്തുകളിലും 2019 ല്‍ 40 പഞ്ചായത്തുകളിലും പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്തുകളില്‍ അടിസ്ഥാനപരമായ സാമൂഹ്യ-സാമ്പത്തിക സര്‍വെ നടത്തി പ്രശ്‌നങ്ങള്‍ അപഗ്രഥിക്കുകയാണ് ആദ്യം ചെയ്യുന്നത്. കേന്ദ്ര-സംസ്ഥാനാവിഷ്‌കൃത പദ്ധതികളിലൂടെ ലഭിക്കുന്ന ഫണ്ട്, എം.എല്‍.എ-എം.പി. ഫണ്ട്, പഞ്ചായത്തുകളുടെ പ്ലാന്‍ ഫണ്ട് എന്നിവ ഉപയോഗിച്ചാണ് സമഗ്ര വികസനപദ്ധതിക്കു രൂപം നല്‍കുന്നത്. ഇതിലൂടെ പഞ്ചായത്തിനെ മാതൃകാപഞ്ചായത്താക്കി മാറ്റും. ഗ്രാമീണറോഡുകളുടെ വികസനം, ആരോഗ്യ- വിദ്യാഭ്യാസരംഗത്തെ ഗുണമേന്മ വര്‍ദ്ധിപ്പിക്കല്‍, തൊഴില്‍ സംരഭങ്ങള്‍ തുടങ്ങിയവയെല്ലാം പദ്ധതിയുടെ ഭാഗമായിരിക്കും.
കണ്ണൂര്‍ എം.പി. പി.കെ.ശ്രീമതി ടീച്ചര്‍ തെരഞ്ഞെടുത്ത കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ ബന്ധപ്പെട്ടവരുടെ ആദ്യയോഗം കിലയില്‍ ചേര്‍ന്ന് പ്രാഥമിക നടപടികള്‍ക്ക് രൂപം നല്‍കി. ഡിസംബര്‍ എട്ടിനു കുറ്റിയാട്ടൂരില്‍ ചേരുന്ന വിപുലമായ വികസന സെമിനാറില്‍ പദ്ധതിയുടെ രൂപരേഖ അവതരിപ്പിക്കുമെന്ന് കില ഡയറക്ടര്‍ ഡോ.പി.പി.ബാലന്‍ അറിയിച്ചു
Discussion about this post