പത്തനംതിട്ട: ശബരിമല തീര്‍ഥാടനകാലത്ത് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് നിരീക്ഷണം ശക്തമാക്കാന്‍ സ്ക്വാഡുകള്‍ രൂപീകരിച്ചു. നിലയ്ക്കല്‍, പമ്പ, സന്നിധാനം, ഔട്ടര്‍ പമ്പ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കുക.
ശുചീകരണ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന് ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ സ്ക്വാഡുകള്‍ക്ക് നിര്‍ദേശം നല്‍കി. ശബരിമല ഡ്യൂട്ടിക്കായി നിയോഗിച്ച വിവിധ ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ പരിശീലന ക്ളാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍. ഭക്ഷ്യസുരക്ഷാ സ്ക്വാഡ് 17 മുതല്‍ പരിശോധന തുടങ്ങും. ഹോട്ടലുകളിലെ ഭക്ഷണവില, അളവ് തൂക്കം, വെള്ളം എന്നിവയെല്ലാം പരിശോധിക്കും. മൂന്ന് തവണ പിടിക്കപ്പെടുന്ന കടകള്‍ അടച്ചുപൂട്ടാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പ്ളാസ്റിക് ബോധവത്ക്കരണ പരിപാടി വിജയിപ്പിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥരില്‍ നിന്ന് സ്വീകരിക്കും. 19 ന് ശബരിമലയിലെത്തുന്ന ജില്ലാ കളക്ടര്‍ നേരിട്ട് നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥരില്‍ നിന്നും കേള്‍ക്കും.
മാലിന്യം ഒഴിവാക്കുന്നതിുള്ള നിര്‍ദേശങ്ങളും തേടുമെന്ന് കളക്ടര്‍ അറിയിച്ചു. ജില്ലാ കളക്ടറുടെ നിയന്ത്രണത്തിലാവും സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കുക. എ.ഡി.എം, ആര്‍.ഡി.ഒ, ഡെപ്യൂട്ടി കളക്ടര്‍, ഡ്യൂട്ടി മജിസ്ട്രേറ്റ്, എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് എന്നിവരുടെ മേല്‍നോട്ടമുണ്ടാവും. ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ എന്‍. ശശികുമാര്‍, അടൂര്‍ ആര്‍ഡിഒ എം.എ.റഹിം, ലെയ്സണ്‍ ഓഫീസര്‍ എന്‍.ബാലകൃഷ്ണപിള്ള തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Discussion about this post