ഗുവാഹത്തി: ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം ഗുവാഹത്തിയില്‍ ആരംഭിച്ചു. അഴിമതി ആരോപണങ്ങളുടെയും വിലക്കയററത്തിന്റെയും പശ്‌ചാത്തലത്തില്‍ യുപിഎ സര്‍ക്കാരിനെതിരെയുളള പ്രക്ഷോഭങ്ങള്‍ ശക്‌തമാക്കുന്നതിനുളള തീരുമാനങ്ങള്‍ യോഗത്തില്‍ ഉണ്ടാകും. സുപ്രധാന രാഷ്‌ട്രീയ, സാമ്പത്തിക തീരുമാനങ്ങളാണ് ദ്വിദിന യോഗത്തില്‍ കൈക്കൊള്ളുകയെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. അതേസമയം, സംഝോത എക്‌സ്‌പ്രസ് സ്‌ഫോടനത്തില്‍ നേരിട്ടു പങ്കുണ്ടെന്ന ആര്‍എസ്‌എസ് നേതാവ് സ്വാമി അസിമാനന്ദിന്റെ കുറ്റസമ്മതം പാര്‍ട്ടിയെ ബാധിച്ചിട്ടുണ്ട്.
എന്നാല്‍, സിബിഐയെ കുറ്റപ്പെടുത്തുന്നതിനും ആര്‍എസ്‌എസിനെ തരംതാഴ്‌ത്തുന്നതിനും യുപിഎ സര്‍ക്കാരിന്റെ കെട്ടുകഥയാണിതെന്ന് രവിശങ്കര്‍ പ്രസാദ് അറിയിച്ചു. അഴിമതി ആരോപണങ്ങളുടെ പശ്‌ചാത്തലത്തില്‍ ജനശ്രദ്ധ വഴിതിരിച്ചുവിടുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വിമര്‍ശിച്ചു.
യോഗത്തിന്റെ ഭാഗമായി നാളെ പതിനായിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് അഴിമതിയ്‌ക്കെതിരെ ബിജെപി റാലി നടത്തുമെന്ന്‌പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി വിജയ് ഗോയല്‍ അറിയിച്ചു. കേരളം അടക്കമുളള സംസ്‌ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തയാറെടുപ്പുകള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്‌കരി, അദ്വാനി, നരേന്ദ്ര മോഡി തുടങ്ങിയ നേതാക്കള്‍ റാലിയില്‍ പങ്കെടുത്തു പ്രസംഗിക്കും. ബിജെപി ഭരിക്കുന്ന ഏഴ് സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുള്‍പ്പെടെ ഏകദേശം 350 നേതാക്കളാണ് ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കുന്നത്.
Discussion about this post