തിരുവനന്തപുരം: കേരള അന്താരാഷ്ട്രാ ചലചിത്രോത്സവത്തിന് (ഐഎഫ്എഫ്‌കെ) രജിസ്റ്റര്‍ ചെയ്തവര്‍ക്കെല്ലാം പാസ് നല്‍കുമെന്ന് സിനിമാ വകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പി.ആര്‍.ചേംബറില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 9812 പേരാണ് ഇക്കുറി പാസിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
2011-ല്‍ 6000 വും 2012-ല്‍ 7000 പേരുമാണ് രജിസ്റ്റര്‍ ചെയ്തത്. 2013-ല്‍ 9400 പേരും രജിസ്‌ട്രേഷന്‍ നടത്തി.ഐഎഫ്എഫ്‌കെയുടെ ചരിത്രത്തില്‍ സര്‍വകാല റെക്കോഡാണ് ഇത്തവണത്തെ രജിസ്‌ട്രേഷനെന്നും മന്ത്രി പറഞ്ഞു. നിലവില്‍ തിയേറ്ററുകളില്‍ 3873 സീറ്റുകള്‍ ഉറപ്പാക്കിയിട്ടുണ്ട്. 1400 സീറ്റുകള്‍ കൂടി ഉറപ്പാക്കാനാകുന്ന തരത്തില്‍ കൂടുതല്‍ തിയേറ്ററുകള്‍ സജ്ജമാക്കും. ഇത്തരത്തില്‍ ആകെ 5273 സീറ്റുകള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. നിശാഗന്ധിയുടെ സൗകര്യങ്ങളും കൂടി ഉറപ്പാക്കുമെന്നും ഇവിടെ 4000 പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യങ്ങള്‍ കൂടി തയാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് മുന്‍ വര്‍ഷത്തേതുപോലെ ഇളവ് അനുവദിക്കാന്‍ ഐഎഫ്എഫ്‌കെ കമ്മിറ്റിയില്‍ ധാരണയായി.ഇതനുസരിച്ച് കൂടുതല്‍ ഫീസ് അടച്ച് രജിസ്‌ട്രേഷന്‍ നടത്തിയ വിദ്യാര്‍ഥികള്‍ക്ക് അധികമായുള്ള തുക മടക്കി നല്‍കും. മാധ്യമ പ്രവര്‍ത്തകര്‍ക്കും മുന്‍വര്‍ഷത്തേതു പോലെ പാസുകള്‍ അനുവദിക്കും.പ്രസ് ക്ലബ്ബുമായി ഇക്കാര്യത്തില്‍ സഹകരണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. 142 ചിത്രങ്ങള്‍ ഇക്കുറി മേളയില്‍ എത്തുന്നുണ്ട്. ചലചിത്ര മേള പൊതു ഉത്സവമാക്കാനാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും മന്ത്രി പറഞ്ഞു.
Discussion about this post