തിരുവനന്തപുരം: കാരുണ്യ ബനവലെന്റ് ഫണ്ടില്‍ നിന്നുള്ള ചികിത്സാ ധനസഹായം 500 കോടി കവിഞ്ഞതായി ധനമന്ത്രി കെ.എം.മാണി അറിയിച്ചു. ബനവലെന്റ് ഫണ്ട് സംസ്ഥാന സമിതിയുടെ 15-ാമത് യോഗം 2890 രോഗികള്‍ക്കായി 37.64 കോടിരൂപയുടെ ധനസഹായംകൂടി അനുവദിച്ചതോടെ ഈ പദ്ധതിയില്‍ നിന്ന് ചികിത്സാസഹായം ലഭിക്കുന്നവരുടെ എണ്ണം 48,053 ആയി ഉയര്‍ന്നു; ധനസഹായം 527.27 കോടി രൂപയും. 2014 ഒക്ടോബര്‍ ഒന്നുവരെ 45,163 രോഗികള്‍ക്കായി 489.62 കോടി രൂപയാണ് അനുവദിച്ചിരുന്നത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയാലിസിസ് സെന്ററുകള്‍ സ്ഥാപിക്കാന്‍ ഇതിനകം 2.71 കോടിരൂപ അനുവദിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍കോളേജുകള്‍, താമരശ്ശേരി താലൂക്ക് ആശുപത്രി എന്നിവയ്ക്കാണ് തുക അനുവദിച്ചത്. 1,007 ഹീമോഫീലിയ രോഗികള്‍ക്ക് 20.14 കോടി രൂപ ഇതിനകം ചികിത്സാസഹായമായി അനുവദിച്ചു. ഹീമോഫീലിയ രോഗികള്‍ക്ക് ധനസഹായമായി നല്‍കുന്ന രണ്ടു ലക്ഷം രൂപയുടെ ഫാക്ടറുകള്‍ (മരുന്ന്) ഉപയോഗിച്ചു കഴിഞ്ഞ് തുടര്‍ന്നും ഫാക്ടറുകള്‍ ആവശ്യമായി വന്നാല്‍ ഒരു ലക്ഷം രൂപ കൂടി കാരുണ്യ ഫണ്ടില്‍ നിന്ന് ചികിത്സാസഹായമായി അനുവദിക്കും. മരുന്നുകള്‍ നല്‍കിയ വകയില്‍ കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന് 1.60 കോടി രൂപ നല്‍കിയതായും ധനമന്ത്രി അറിയിച്ചു.
Discussion about this post