വാഷിംഗ്ടണ്‍: ആഗോള തലത്തില്‍ ഈ വര്‍ഷം ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ധന. 18,000 നിരപരാധികളായ മനുഷ്യരാണ് 2014 ഒക്ടോബര്‍ വരെ ഭീകരവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നൈജീരിയയിലും പശ്ചിമേഷ്യയിലും നടക്കുന്ന സംഘര്‍ഷങ്ങള്‍ ഈ വര്‍ഷം അവസാനിക്കുമ്പോള്‍ കൊല്ലപ്പെട്ടവരുടെ എണ്ണം വീണ്ടും ഉയരുവാനാണ് സാധ്യത.
2013-ല്‍ നടന്ന ഭീകരവാദ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണത്തിലെ മൂന്നില്‍ രണ്ടു പങ്കും ഇറാക്ക്, സിറിയ, അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന് എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളുടെ ആക്രമണത്തെ തുടര്‍ന്നാണ്. ഐഎസ് ഭീകരര്‍, ബോക്കോ ഹറാം, പാക്ക് അഫ്ഗാന് താലിബാന്, അല്‍ക്വയ്ദ എന്നീ തീവ്രവാദ സംഘടനകളാണ് ആളുകളെ കൊലപ്പെടുത്തുന്നതില്‍ മുന്നിട്ടു നില്‍ക്കുന്നത്.
ഇറാക്കിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് തീവ്രവാദ ആക്രമണത്തില്‍ ജീവന് നഷ്ടമായത്. ഐഎസ് ഭീകരര്‍ മാത്രം ഇറാക്കില്‍ കൊന്നുതള്ളിയത് 6,362 മനുഷ്യരെയാണ്. അഫ്ഗാനാണ് രണ്ടാം സ്ഥാനത്ത്. പാക്കിസ്ഥാനാണ് മൂന്നാം സ്ഥാനം. 1933 ആക്രമണങ്ങളില്‍ പാക്കിസ്ഥാനില്‍ 2345 ആളുകള്‍ക്ക് ജീവന് നഷ്ടമായി. ഓസ്ട്രേലിയ ആസ്ഥാനമായുള്ള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ ഇക്ണോമിക്സ് ആന്റ് പീസ് എന്ന സംഘടനയാണ് പഠനം നടത്തിയത്.
Discussion about this post