തിരുവനന്തപുരം: ചാല മാര്‍ക്കറ്റില്‍ കത്തി നശിച്ച കടകള്‍ പുനര്‍നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് നഗരകാര്യ, ന്യൂനപക്ഷ ക്ഷേമമന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. കത്തിനശിച്ച കടകളുള്ള ബ്ലോക്ക് ഒന്നിച്ച് ലാന്റ് പൂളിങ്ങ് വ്യവസ്ഥയില്‍ പുനര്‍നിര്‍മ്മിക്കുന്നതിനായി കേരള മുനിസിപ്പല്‍ ബില്‍ഡിങ്ങ് റൂളില്‍ ആവശ്യമായ ഇളവുനല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളില്‍ കടകള്‍ കത്തിനശിച്ചപ്പോള്‍ നടപ്പാക്കിയ സംവിധാനം ഇവിടെയും പ്രാവര്‍ത്തികമാക്കാനാണ് ഉദ്ദേശിക്കുന്നത്. ചെറിയ കച്ചവടക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ലാന്റ് പൂളിങ്ങ് ഏര്‍പ്പെടുത്തി ഷോപ്പിംഗ് മാള്‍ നിര്‍മ്മിക്കും. തിരുവനന്തപുരം ഡവലപ്‌മെന്റ് അതോറിറ്റി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. നിലവിലെ കടകള്‍ക്ക് പകരം ഈ സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മ്മിച്ച് കടകളുടെ ഇപ്പോഴത്തെ വിസ്തൃതിക്ക് ആനുപാതികമായ സ്ഥലം കടയുടമകള്‍ക്ക് നല്‍കും. വാഹന പാര്‍ക്കിംഗിനും മറ്റും പ്രത്യേകമായ സ്ഥലം കണ്ടെത്തുകയും നഗരസൗന്ദര്യത്തിന്റെ പ്രധാന്യം നല്‍കിയുള്ള രൂപരേഖയില്‍ നിര്‍മ്മാണങ്ങള്‍ നടത്തുകയും ചെയ്യും.
ലാന്റ് പൂളിങ്ങ് നടപ്പാക്കുന്നതിനായി ഈ പ്രദേശത്തെ കടയുടമകള്‍ കൂട്ടായ തീരുമാനം കൈക്കൊണ്ട് സര്‍ക്കാരിനെ അറിയിക്കണം. കത്തിയ കടകള്‍ മാത്രമായി പുനര്‍നിര്‍മ്മാണം സാധിക്കില്ല. അതിനാല്‍ ഇരുനൂറോളം കടകള്‍ വരുന്ന ബ്ലോക്ക് ഒന്നിച്ച് പുതുക്കിപ്പണിയുകയാണ് വേണ്ടത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായും സ്ഥലം എംഎല്‍എ കൂടിയായ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. മന്ത്രിമാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും വ്യാപാരികളുടെയും യോഗം 25ന് രാവിലെ ഒമ്പതിന് സെക്രട്ടറിയറ്റില്‍ ചേരാനും തീരുമാനിച്ചിട്ടുണ്ട്. വ്യാപാരികള്‍ സന്നദ്ധത അറിയിച്ചാല്‍ ആറുമാസത്തിനകം പുതിയ കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
Discussion about this post