തിരുവനന്തപുരം: മാനേജ്‌മെന്റും തൊഴിലാളികളും തമ്മിലുള്ള തര്‍ക്കങ്ങള്‍ സമവായത്തിലൂടെ അധികം കാലതാമസം വരാതെ തീര്‍പ്പാക്കാന്‍ മാനേജ്‌മെന്‍ര് അസോസിയേഷന്‍ മുന്‍കൈയെടുക്കണമെന്ന് ഗവര്‍ണര്‍ റിട്ട.ജസ്റ്റീസ്.പി. സദാശിവം. ഇന്ന് സുപ്രീംകോടതിയിലും മറ്റ് കോടതികളിലും രാഷ്ട്രീയപരമായ കേസുകള്‍ ഏറെയായതിനാല്‍ തൊഴില്‍ സംബന്ധമായതും മറ്റ് കേസുകളും തീര്‍പ്പാക്കാന്‍ ഏറെ വൈകുന്നതായും ഗവര്‍ണര്‍ പറഞ്ഞു. ട്രിവാന്‍ഡ്രം മാനേജ്‌മെന്റ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ട്രിമ-2014 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ ഡിസംബര്‍ ആറിനും ലോക് അദാലത്തുകള്‍ സംഘടിപ്പിക്കാറുണ്ടെന്നും തര്‍ക്കപരിഹാരത്തിന് ഈ സേവനം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ആഗോള സാഹചര്യത്തിനനുസരിച്ച് മികച്ച പരിശീലനം നേടിയ സുസജ്ജരായ ഒരു തൊഴില്‍സേന അനിവാര്യമാണെന്ന് അധ്യക്ഷപ്രസംഗം നടത്തിയ വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ടിഎംഎ പ്രസിഡന്റ് എ.എസ്.സുരേഷ്ബാബു, ടിഎംഎ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ ഡോ.എം.ഐ.സഹദുള്ള, കേരള അക്കാദമി ഫോര്‍ സോഫ്റ്റ് സ്‌കില്‍സ് എക്‌സലന്‍സ് മാനേജിംഗ് ഡയറക്ടര്‍ രാഹുല്‍.ആര്‍., ടിഎംഎ ഹോണററി സെക്രട്ടറി ബി.എസ്.ബസന്ത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ടിഎംഎ-എച്ച്എല്‍എല്‍ സിഎസ്ആര്‍ അവാര്‍ഡ് ഗവര്‍ണര്‍ കിംസ് ആശുപത്രി പ്രതിനിധികള്‍ക്ക് നല്‍കി.












