തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പത്മതീര്‍ത്ഥക്കുളം നവീകരണത്തിന് തുടക്കമായി. വ്യാഴാഴ്ച ഉച്ചക്ക് 12.15നും 1.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ കുളത്തിലെ വെള്ളം വറ്റിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. രാജ്യത്തെ പ്രധാന ആരാധനാകേന്ദ്രമെന്ന നിലയില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പത്മതീര്‍ത്ഥം സമഗ്രമായി നവീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചടങ്ങില്‍ മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. ചടങ്ങില്‍ ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, ക്ഷേത്ര ഭരണസമിതി അധ്യക്ഷ അഡീ. ജില്ലാ ജഡ്ജി കെ.പി. ഇന്ദിര, ഭരണസമിതിയംഗം വിജയകുമാര്‍ മറ്റു ക്ഷേത്രഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
നവീകരണത്തിന്റെ ആദ്യഘട്ടമായി പമ്പ് ഉപയോഗിച്ച് വെള്ളം ഒഴുക്കുന്നതിനാണ് തുടക്കമായത്. രണ്ടാഴ്ച കൊണ്ട് വറ്റിക്കാനാണ് ലക്ഷ്യമിടുന്നത്. ഇനി ഡിസംബര്‍ ഒന്‍പതിന് വറ്റിക്കല്‍ നടപടികള്‍ പുനരാരംഭിക്കും. 300,00000 ലിറ്റര്‍ ജലമാണ് വറ്റിക്കുക. അതിനുശേഷം അടിത്തട്ടിലെ ചെളിയുടെ അളവും മറ്റും പരിശോധിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളും. വെള്ളം വറ്റിച്ചശേഷമാകും എസ്റ്റിമേറ്റ് എടുക്കുക. വെള്ളം വറ്റിക്കുമ്പോള്‍ കുളത്തിലെ മീനുകള്‍ ലേലം ചെയ്ത് കൊടുക്കും. മീനുകളെ ആദ്യം മറ്റു കുളങ്ങളിലേക്കോ നെയ്യാര്‍ ഡാമിലേക്കോ മാറ്റാനുദ്ദേശിച്ചിരുന്നു. എന്നാല്‍, അത്തരത്തില്‍ അവാസവ്യവസ്ഥ മാറ്റിയാല്‍ അവ ചത്തുപോകുമെന്നതിനാലാണ് ലേലം ചെയ്യുന്നത്. ഭക്തജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് പത്മതീര്‍ത്ഥക്കുളം നവീകരിക്കുന്നത്. സ്‌നാനഘട്ടം, ഷവറിംഗ് ഏരിയ, ക്ലോക്ക് റൂം തുടങ്ങിയവ കുളത്തിനോടനുബന്ധിച്ച് നിര്‍മ്മിക്കും. റോഡില്‍ നിന്ന് ക്ഷേത്രത്തിലേക്ക് വെയിലേല്‍ക്കാതെ നടക്കാവുന്ന രീതിയില്‍ ഒരു നടപ്പന്തലും നവീകരണത്തിന്റെ ഭാഗമായി കുളത്തിനരികിലായി ഒരുക്കും. കൂടാതെ, സായാഹ്‌നങ്ങളില്‍ കുളക്കടവില്‍ ജനങ്ങള്‍ക്ക് ഇരിക്കാനും കുളത്തിന്റെ ഭംഗി ആസ്വദിക്കാനുമായി ബെഞ്ചുകള്‍ ഉള്‍പ്പെടെ നടപ്പാതയും ഒരുക്കും. ക്ഷേത്രത്തിന്റെ മനോഹാരിത ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലാകും ഈ സൗകര്യങ്ങള്‍. കുളക്കടവിലുള്ള ചരിത്രപ്രാധാന്യമുള്ള മണ്ഡപങ്ങള്‍ തനിമ ചോരാതെ ബലപ്പെടുത്തി സംരക്ഷിക്കും. കുളത്തിന്റെ വടക്ക്, കിഴക്ക്‌വശങ്ങളിലും തെക്കുവശത്തുള്ളതുപോലെ തിട്ട നിര്‍മ്മിക്കും. കുളത്തിലേക്ക് നേരിട്ട് മാലിന്യം നിക്ഷേപിക്കുന്നത് തടയാനാണിത്. മഴവെള്ളസംഭരണത്തിനും സൗകര്യമൊരുക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ക്ഷേത്രപരിസരത്ത് ലഭിക്കുന്ന മഴവെള്ളം ആദ്യം ഒരു ചെറിയ കുളത്തില്‍ ശേഖരിച്ച് ഫില്‍റ്റര്‍ ചെയ്തശേഷം പത്മതീര്‍ത്ഥത്തിലെത്തിക്കും. ശ്രീപത്മനാഭസ്വാമിക്ഷേത്രം ഭരണസമിതിയുടെ നേതൃത്വത്തിലാണ് നവീകരണം നടത്തുന്നത്. നിര്‍മ്മിതി കേന്ദ്രമാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഏകോപനം നടത്തുന്നത്. നവീകരണത്തിന് സാങ്കേതിക വിദഗ്ധരുടെ പാനലുമുണ്ട്.
ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, നിര്‍മ്മിതി കേന്ദ്രം ‘ പ്രോജക്ട് മാനേജര്‍ ആര്‍. സനില്‍കുമാര്‍, സാബു ടി. (വി.എസ്.എസ്.സി), ശ്രീകുമാരന്‍നായര്‍, മധു കെ.കെ (വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍) തുടങ്ങിയവരാണ് അംഗങ്ങള്‍. നിര്‍മ്മാണപ്രവര്‍ത്തങ്ങളുടെ ഡിസൈന്‍ സപ്പോര്‍ട്ട് നല്‍കുന്നത് തിരുവനന്തപുരത്തെ കോളേജ് ഓഫ് ആര്‍കിടെക്ചറാണ്. നവീകരണം പൂര്‍ത്തിയാകുന്നതോടെ പത്മതീര്‍ത്ഥക്കുളം നഗരത്തിലെ മനോഹരമായ കേന്ദ്രങ്ങളിലൊന്നാകും. പത്മതീര്‍ത്ഥക്കുളം നവീകരണം പൂര്‍ത്തിയാകുന്നതോടെ മിത്രാനന്ദപുരം കുളവും നവീകരിക്കും. ഇപ്പോള്‍ കുളത്തില്‍ ബയോ റെമഡിയേഷന്‍ നടത്തിയിട്ടുണ്ട്. അതിന്റെ ഫലം പുറത്തുവന്നാല്‍ തുടര്‍നടപടികളുണ്ടാകും.
Discussion about this post