തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിലെ വനിതാപ്രാതിനിധ്യം 2016-ഓടെ 10 ശതമാനമായി ഉയര്‍ത്തുമെന്ന് ആഭ്യന്തരവകുപ്പ്മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേരളാ പോലീസ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദ്വിദിന ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പോലീസ് സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റിന് ഇനിമുതല്‍ സ്ത്രീപുരുഷ വ്യത്യാസമുണ്ടാവില്ല. റിക്രൂട്ട്‌മെന്റ് പുരുഷന്‍മാര്‍ക്ക് മാത്രമെന്ന കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ നിബന്ധനയില്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം ഭേദഗതി വരുത്തിയിട്ടുണ്ട്. സ്ത്രീസുരക്ഷയ്ക്ക് പ്രത്യേക പരിഗണനയാണ് ആഭ്യന്തരവകുപ്പും സര്‍ക്കാരും നല്‍കുന്നത്. സ്ത്രീസുരക്ഷ ലക്ഷ്യമാക്കി സര്‍ക്കാര്‍ ആരംഭിച്ച നിര്‍ഭയ കേരളം സുരക്ഷിത കേരളം പദ്ധതി കൂടുതല്‍ വിപുലമാക്കും. സംസ്ഥാനത്ത് പുതുതായി ആറ് വനിതാ പോലീസ് സ്റ്റേഷനുകള്‍ തുടങ്ങും. ഇതില്‍ ആദ്യത്തേത് ഈ മാസം 29 ന് ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ദേവസ്വം മന്ത്രി വി.എസ്.ശിവകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ അഭിനേത്രി ശ്വേതാമേനോന്‍ വിശിഷ്ടാതിഥിയായിരുന്നു. കമ്മ്യൂണിറ്റി പോലീസിംഗ് ആന്റ് ജന്‍ഡര്‍ ജസ്റ്റിസ് ഡി.ജി.പി. എം.എന്‍.കൃഷ്ണമൂര്‍ത്തി, ജയില്‍ ഡി.ജി.പി. ടി.പി.സെന്‍കുമാര്‍, ദക്ഷിണമേഖല എ.ഡി.ജി.പി. കെ.പത്മകുമാര്‍, വനിതാ വികസന കോര്‍പറേഷന്‍ അദ്ധ്യക്ഷ അഡ്വ.പി.കുല്‍സു, തീരദേശ സുരക്ഷ എ.ഐ.ജി. ഉമ ബെഹ്‌റ തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post