കോട്ടയം: ഡീസല്‍ വില കുറഞ്ഞെങ്കിലും കെഎസ്ആര്‍ടിസിയുടെ ചെലവു കുറഞ്ഞിട്ടില്ലെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഡീസല്‍ വില ഒരു ഘടകം മാത്രമാണ്. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ടുള്ള മറ്റു ഘടകങ്ങള്‍ക്കൊന്നും ചെലവു കുറയാത്ത സാഹചര്യത്തില്‍ ബസ് ചാര്‍ജ് കുറയ്ക്കാന്‍ സാധിക്കില്ലെന്നു മന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.
കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ കുടിശിക ഘട്ടംഘട്ടമായി കൊടുത്തുതീര്‍ക്കും. പെന്‍ഷന്‍ അഡ്വാന്‍സായിട്ടു നല്‍കുന്നതിനാലാണു ബുദ്ധിമുട്ട്. കെഎസ്ആര്‍ടിസിയില്‍ 8600 രൂപയ്ക്കു താഴെ പെന്‍ഷന്‍ വാങ്ങുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും ഇതിനോടകം പെന്‍ഷന്‍ നല്‍കിക്കഴിഞ്ഞു. 8600 രൂപയ്ക്കു മുകളില്‍ പെന്‍ഷന്‍ വാങ്ങുന്ന ജീവനക്കാര്‍ക്ക് ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ തുക മാത്രമാണു നല്‍കാനുള്ളത്.
പെന്‍ഷനു പത്തുശതമാനം ഡിഎ വര്‍ധിപ്പിച്ചതാണ് ഇപ്പോഴുണ്ടായ പ്രതിസന്ധിക്കു കാരണം. 40 കോടി രൂപ പ്രതിമാസം അധികം കണെ്ടത്തിയെങ്കില്‍ മാത്രമേ പെന്‍ഷന്‍ പൂര്‍ണമായും കൊടുത്തുതീര്‍ക്കാന്‍ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.
മാസത്തില്‍ 110 കോടി രൂപയുടെ നഷ്ടത്തിലാണു കെഎസ്ആര്‍ടിസി പ്രവര്‍ത്തിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ മാസത്തില്‍ ഒന്നരക്കോടി രൂപയുടെ കളക്ഷന്‍ വര്‍ധന ഉണ്ടായിട്ടുണെ്ടന്നും അദേഹം പറഞ്ഞു. കെഎസ്ആര്‍ടിസി എന്ന പേരു കേരളത്തിനു മാത്രം അവകാശപ്പെട്ടതാണ്. കര്‍ണാടക സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയെന്ന പേരു സ്വന്തമാക്കാന്‍ ചെന്നൈയിലുള്ള ട്രേഡ്മാര്‍ക്ക് ഓര്‍ഗനൈസേഷനില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
Discussion about this post