മനുഷ്യന്‍ മനുഷ്യനോട് കാട്ടുന്ന ക്രൂരതയാണ് അയിത്തം; മനുഷ്യരാശിയോടുള്ള കുറ്റവുമാണത്. ഭാരതത്തിന്റെ സാമൂഹ്യ ഘടനയില്‍ എന്നോ വന്നുചേര്‍ന്ന അയിത്തമെന്ന ദുരാചാരം ഏറ്റവുമധികം ദുഷിപ്പിച്ചത് ഹൈന്ദവസമൂഹത്തെയാണ്. ഇന്നും ഭാരതത്തില്‍ ഈ ദുരാചാരം നിലനില്‍ക്കുന്നു എന്നത് സമത്വവാദികളായ മനുഷ്യരെയെല്ലാം ദുഃഖിപ്പിക്കുന്ന വസ്തുതയാണ്.
അപ്ലൈഡ് ഇകണോമിക് റിസര്‍ച്ചും യു.എസിലെ മേരിലാന്റ് സര്‍വകലാശാലയും സംയുക്തമായി നടത്തിയ ഒരു സര്‍വേയില്‍ ഭാരതത്തിലെ നാലിലൊന്നുപേരും അയിത്തം ആചരിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്. മനുഷ്യവികസനസൂചിക തയ്യാറാക്കുന്നതിന്റെ ഭാഗമായിരുന്നു സര്‍വേ. പ്രബുദ്ധമെന്നറിയപ്പെടുന്ന കേരളത്തിലെ രണ്ടുശതമാനംപേരും അയിത്തം പുലര്‍ത്തുന്നുണ്ടെന്നുമാത്രമല്ല പുരോഗമന ചിന്തയില്‍ കേരളം ബംഗാളിനുംപിന്നിലാണെന്നാണ് സര്‍വേഫലം വ്യക്തമാക്കുന്നത്.
രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള 42000 വീടുകള്‍ കേന്ദ്രീകരിച്ചു നടത്തിയ സാമ്പിള്‍ സര്‍വേയാണ് ഇതെങ്കിലും ശാസ്ത്രീയമായ അപഗ്രഥനത്തിലൂടെ തയാറാക്കിയ സര്‍വേഫലത്തെ ഗൗരവപൂര്‍വ്വംതന്നെയാണ് കാണേണ്ടത്. രാജ്യത്തെ 30%ത്തോളം ഹിന്ദുക്കള്‍ ഇന്നും അയിത്തത്തില്‍ വിശ്വസിക്കുന്നു എന്നത് സനാതന മൂല്യത്തിലധിഷ്ഠിതമായ ആര്‍ഷ സംസ്‌കൃതിയിലെ കറുത്തപാടായിതന്നെയാണ് കാണേണ്ടത്. സിക്കുമതക്കാരില്‍ 23%വും മുസ്ലീങ്ങളില്‍ 18%വും ക്രിസ്ത്യാനികളില്‍ 5%വും അയിത്തമാചരിക്കുന്നുണ്ട്.
അയിത്തമറിയാന്‍ രണ്ടുചോദ്യങ്ങളാണ് ചോദിച്ചത്. നിങ്ങളുടെ വീട്ടില്‍ ആരെങ്കിലും അയിത്തമാചരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് മറുപടി നല്‍കിയവര്‍ക്കുമുന്നില്‍ രണ്ടാമത്തെ ചോദ്യം ഉന്നയിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്. പട്ടികജാതിയില്‍പ്പെട്ട ആരെങ്കിലും നിങ്ങളുടെ അടുക്കളയില്‍ കയറുന്നതോ വീട്ടുപകരണങ്ങള്‍ ഉപയോഗിക്കുന്നതോ നിങ്ങള്‍ സമ്മതിക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന് ഉറപ്പിച്ച് ഉത്തരം നല്‍കുകയായിരുന്നു ഭൂരിപക്ഷംപേരും. ബ്രാഹ്മണര്‍ 52%, മറ്റു മുന്നോക്കക്കാര്‍ 24%, പിന്നോക്കവിഭാഗക്കാര്‍ 33%, പട്ടികജാതി 15%, മറ്റുള്ളവര്‍ 13% എന്നിങ്ങനെയാണ് രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം നല്‍കിയത്. സാധാരണ നിലയില്‍ അയിത്തത്തിന്റെ പേരില്‍ അകറ്റി നിര്‍ത്തപ്പെടുന്നവരെന്ന് കരുതുന്ന പട്ടികജാതി – പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍പോലും അയിത്തമാചരിക്കുന്നു എന്നത് സ്വാതന്ത്ര്യംലഭിച്ച് ആറരപതിറ്റാണ്ടു പിന്നിടുമ്പോഴും ഭാരതത്തിന്റെ കളങ്കമാണ്.
അയിത്താചരണത്തിനെതിരെ നിയമം നിലവിലുണ്ടെങ്കിലും ഇതുകൊണ്ടുമാത്രം ഈ ദുരാചാരം ഇല്ലാതാക്കാന്‍ കഴിയില്ല എന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്. നൂറ്റാണ്ടുകളിലൂടെ മനുഷ്യമനസുകളില്‍ ഉരുണ്ടുകൂടിയ ഈ ദുരാചാരത്തിന്റെ അഴുക്കുകള്‍ കഴുകികളയണമെങ്കില്‍ ആദ്യം വേണ്ടത് മനുഷ്യ സ്‌നേഹത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ചിന്തയാണ്. അദ്വൈത ചിന്താപദ്ധതിയില്‍ അധിഷ്ഠിതമായ ഹിന്ദു ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ജീവിക്കുന്നവരാണ് ഭാരതത്തിലെ ഹിന്ദുക്കളിലേറെയും. എന്നിട്ടും അവരില്‍ മൂന്നിലൊന്നുപേര്‍ ജാതിയുടെ പേരില്‍ സ്വന്തം സഹോദരനോട് വിവേചനം കാട്ടുന്നു എന്നത് ഹൈന്ദവ ധര്‍മാചാര്യന്മാരും സന്യാസശ്രേഷ്ഠന്മാരും വളരെ ഗൗരവപൂര്‍വ്വം ചിന്തിച്ച് പരിഹാരംകാണേണ്ട വിഷയമാണ്. ഇക്കാര്യത്തില്‍ ഹിന്ദുമതത്തിലുണ്ടാകുന്ന പരിവര്‍ത്തനത്തിന്റെ കാറ്റ് മറ്റു മതസ്ഥരിലേക്കും വ്യാപിക്കുകയും അതോടെ അയിത്തമെന്ന ദുരാചാരത്തെ വേരോടെ പിഴുതെറിയാനും കഴിയും.
ലോകഗുരുവായി വളരുന്ന ഭാരതത്തിനുമുന്നിലെ വെല്ലുവിളിയായ അയിത്താചാരത്തെ ഇല്ലായ്മ ചെയ്യുന്നതിനുള്ള ശ്രമം ഏറ്റെടുക്കുന്നതിന് സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും പങ്കുവഹിക്കാനുണ്ട്. ഇക്കാര്യം രാഷ്ട്രീയപാര്‍ട്ടികളുടെ അജണ്ടയുടെ ഭാഗമാക്കുകയാണെങ്കില്‍ ഒരു പതിറ്റാണ്ടിനുള്ളില്‍ത്തന്നെ അയിത്തത്തിന്റെ ചിറകരിഞ്ഞുവീഴ്ത്താന്‍കഴിയും. ആ ദൗത്യം ആദ്യം ഏറ്റെടുക്കുന്നത് ആരെന്നുമാത്രമേ അറിയാനുള്ളൂ.
Discussion about this post