സന്നിധാനം: മണ്ഡലകാലത്ത് ഭക്തലക്ഷങ്ങളെ സേവിക്കുന്നതിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘം സന്നിധാനത്ത് സജീവമായി. ഇന്ത്യയിലെ ഏറ്റവും മികച്ച ദുരന്ത നിവാരണ സേനാ വിഭാഗമാണ് എന്‍ ഡി ആര്‍ എഫ്. തമിഴ്‌നാട് ആര്‍ക്കോണത്തെ നാലാം ബറ്റാലിയനിലെ നൂറോളം അംഗങ്ങളാണ് ഡെപ്യൂട്ടി കമാന്‍ഡന്റ് കൊല്ലം കുണ്ടറ നീരാവില്‍ സ്വദേശി ജി വിജയന്റെ നേതൃത്വത്തില്‍ എത്തിച്ചേര്‍ന്നത്. സി ആര്‍ പി എഫ്, ബി എസ്, ഐ റ്റി ബി പി, സി ഐ എസ് എഫ് എന്നീ അര്‍ദ്ധസേനാ വിഭാഗങ്ങളില്‍ നിന്നുമുള്ള അംഗങ്ങളാണ് ഡെപ്യൂട്ടേഷനില്‍ എന്‍ ഡി ആര്‍ എഫില്‍ എത്തിയിരിക്കുന്നത്. 2008 മുതല്‍ ദ്രുതകര്‍മസേനയോടൊപ്പം എന്‍ ഡി ആര്‍ എഫും സന്നിധാനത്ത് സുരക്ഷക്കായി എത്താറുണ്ട്. വിശാഖപട്ടണത്തെ ചുഴലിക്കാറ്റ്, കശ്മീരിലെ വെള്ളപ്പൊക്കം, ചെന്നൈയില്‍ നടന്ന കെട്ടിട തകര്‍ച്ച എന്നീ ദുരന്ത സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ചവരാണ് സേനയിലെ മിക്കവരും.
സന്നിധാനത്ത് മൂന്ന് ഷിഫ്റ്റുകളായാണ് സേനാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ജൈവ, രാസ,ആണവ ദുരന്തങ്ങള്‍ ഉണ്ടായാല്‍ പോലും സമയബന്ധിതമായി പരിഹരിക്കുവാന്‍ പ്രത്യേക പരിശീലനം നേടിയ സംഘം കെട്ടിടങ്ങളുടെ തകര്‍ച്ച, അമിതമായ തിക്കും തിരക്കും നിയന്ത്രിക്കല്‍, റോപ്പ് റെസ്‌ക്യു, അടിയന്തിര ചികിത്സാ സഹായം എന്നിവയും കൈകാര്യം ചെയ്യാന്‍ പ്രാപ്തമാണ്. പമ്പയില്‍ വെള്ളപ്പൊക്കമുണ്ടായാല്‍ അടിയന്തിരമായി പ്രവര്‍ത്തിക്കാന്‍ ബോട്ടുകളും ഒരുക്കിയിട്ടുണ്ട്. ടവര്‍ ലൈറ്റുകള്‍, അസ്‌ക ലൈറ്റുകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, ആംഗിള്‍ കട്ടര്‍, എയര്‍ ലിഫ്റ്റിംഗ് ബാഗ്, സെര്‍ച്ച് ലൈറ്റ്, ചിപ്പിംഗ് മെഷീന്‍, ചെയിന്‍ സോഎന്നിവയെല്ലാം സംഘത്തിന്റെ കൈവശമുണ്ട്. മണ്ഡലകാലം തീരുന്ന ജനുവരി 20 വരെ സംഘം ശബരിമലയിലുണ്ടാകും.
Discussion about this post