തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടനാഴി ഇനി കേരള ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലേക്കുളള വാതായനം. ഇ.എം.എസ്. നമ്പൂതിരിപ്പാട് മുതല്‍ ഉമ്മന്‍ചാണ്ടിവരെയുളള കേരളാ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ മിഴിവുറ്റ ചിത്രങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടനാഴിയെ അലങ്കരിക്കുന്നത്.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഫോട്ടോ ശേഖരത്തില്‍ നിന്നുളള 21 ചിത്രങ്ങളാണ് ഇടനാഴിയിലെ ചുവരുകളിലുളളത്. ചിത്രങ്ങളുടെ അനാച്ഛാദനച്ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിലവിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ചിത്രങ്ങള്‍ അനാച്ഛാദനം ചെയ്തു. മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി, രമേശ് ചെന്നിത്തല, ഷിബു ബേബിജോണ്‍, കെ.പി.മോഹനന്‍, അനൂപ് ജേക്കബ്, കെ.സി.ജോസഫ്, പി.ജെ.ജോസഫ്, അടൂര്‍ പ്രകാശ്, വി.എസ്.ശിവകുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.കെ.അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, വി.കെ.ഇബ്രഹിംകുഞ്ഞ്, കെ.ബാബു, പി.കെ.ജയലക്ഷ്മി, എ.പി.അനില്‍കുമാര്‍, സി.എന്‍.ബാലകൃഷ്ണന്‍, ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണ്‍ എന്നിവര്‍ അനാച്ഛാദനത്തില്‍ പങ്കാളികളായി. പി.ആര്‍.ഡി. സെക്രട്ടറി റാണി ജോര്‍ജ്ജ്, ഡയറക്ടര്‍ മിനി ആന്റണി, അഡീഷണല്‍ ഡയറക്ടര്‍ സി.രമേശ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
1957 ഏപ്രില്‍ അഞ്ചിനാണ് സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയായി ഗവര്‍ണര്‍ ഡോ.ബര്‍ഗുള രാമകൃഷ്ണറാവുവില്‍ നിന്ന് പ്രതിജ്ഞാവാചകം ഏറ്റുചൊല്ലി ഇ.എം.എസ് നമ്പൂതിരിപ്പാട് അധികാരമേറ്റത്. 1960 ഫെബ്രുവരി 22 ന് പട്ടംതാണുപിളള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഡോ.ബര്‍ഗുള രാമകൃഷ്ണറാവു തന്നെയായിരുന്നു അപ്പോഴും ഗവര്‍ണര്‍. ആകെ 21 മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞകള്‍. മുഖ്യമന്ത്രിയെന്ന നിലയില്‍ ഏറ്റവുമധികം ചിത്രങ്ങളുളളത് കെ.കരുണാകരന്റെ; നാല് ചിത്രങ്ങള്‍ 1977, 1981, 1982, 1991 എന്നീ വര്‍ഷങ്ങളില്‍ കരുണാകരന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇ.കെ.നായനാരും എ.കെ.ആന്റണിയും മൂന്നു തവണ വീതം മുഖ്യമന്ത്രിമാരായി. 1980, 1987, 1996 വര്‍ഷങ്ങളില്‍ നായനാരും, 1977, 1995, 2001 വര്‍ഷങ്ങളില്‍ എ.കെ.ആന്റണിയും. ഇ.എം.എസും, സി.അച്യുതമേനോനും ഉമ്മന്‍ചാണ്ടിയും രണ്ട് ചിത്രങ്ങളില്‍ വീതം ഇടം നേടിയിട്ടുണ്ട്. ഗവര്‍ണര്‍ എന്ന നിലയില്‍ ഏറ്റവും അധികം തവണ സത്യപ്രതിജ്ഞാ ചിത്രങ്ങളില്‍ ഇടം നേടിയത് ജ്യോതി വെങ്കിടാചലമാണ്. അഞ്ച് തവണ. 1978 നും 82 നുമിടയ്ക്ക് അഞ്ച് മുഖ്യമന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കാന്‍ ജ്യോതി വെങ്കിടാചലത്തിന് കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്നവര്‍ക്ക് ഇനിമുതല്‍ ഈ ചിത്രങ്ങള്‍ കേരളത്തിന്റെ ഭരണപാരമ്പര്യത്തെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കും.
Discussion about this post