സന്നിധാനം: ഇരുപത്തിനാല് മണിക്കൂറും സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അലോപ്പതി, ആയുര്‍വേദ, ഹോമിയോ ആശുപത്രികള്‍ തീര്‍ഥാടകര്‍ക്ക് ആശ്വാസമാകുന്നു. പ്രതിദിനം ആയിരത്തോളം പേരാണ് അലോപ്പതി ആശുപത്രിയിലെത്തുന്നത്. ആയുര്‍വേദ ആശുപത്രിയില്‍ ശരാശരി അഞ്ഞൂറും ഹോമിയോ ആശുപത്രിയില്‍ മുന്നൂറു പേരും ചികിത്സക്കായി എത്തുന്നു.
അലോപ്പതി ആശുപത്രിയില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഏഴ് ഡോക്റ്റര്‍മാര്‍ ഉള്‍പ്പെടെ അന്‍പതോളം ജീവനക്കാരാണ് സേവനം നടത്തി വരുന്നത്. ശാരീരിക അസ്വാസ്ഥ്യം, ശരീര വേദന, പ്രമേഹം, രക്ത സമ്മര്‍ദം, തലകറക്കം, അപസ്മാരം, ഛര്‍ദ്ദി, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ശാസകോശ അസുഖങ്ങള്‍ എന്നിവ അനുഭവപ്പെടുന്ന രോഗികളാണ് പ്രധാനമായും അലോപ്പതി ആശുപത്രിയില്‍ എത്തുന്നത്. കൂടാതെ അടിയന്തിര ഘട്ടങ്ങളിലുള്ള പ്രഥമ ശുശ്രൂഷയും വിവിധ മരുന്നുകളും ഇവിടെ ലഭ്യമാണ്.
ആയുര്‍വേദ ആശുപത്രിയില്‍ അഞ്ച് ഡോക്റ്റര്‍മാരടക്കം പതിന്നാല് ജീവനക്കാരാണുള്ളത്. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ചുമ, പനി, ക്ഷീണം, കൈകാല്‍ വേദന, കഴപ്പ്, വയറിളക്കം, ഉളുക്ക്, ചതവ്,തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സയും മരുന്നും ഇവിടെ ലഭ്യമാണ്. തിരുമ്മല്‍, നസ്യം, ആവിപിടുത്തം തുടങ്ങിയ ചികിത്സ തേടി നിരവധി തീര്‍ഥാടകരാണ് എത്തുന്നത്.
സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന ഹോമിയോ ആശുപത്രിയില്‍ രണ്ട് ഡോക്റ്റര്‍മാരടക്കം ഏഴ് ജീവനക്കാരുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ചെങ്കണ്ണ്, മഞ്ഞപിത്തം, ചിക്കന്‍പോക്‌സ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ഹോമിയോ ആശുപത്രിയില്‍ ചികിത്സ ലഭ്യമാണ്.
Discussion about this post