തിരുവനന്തപുരം: അഴിമതിക്കെതിരേ സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ട് പോകുമെന്ന് ആഭ്യന്തര-വിജിലന്‍സ് വകുപ്പുമന്ത്രി രമേശ് ചെന്നിത്തല. നിയമസഭാ മീഡിയാ റൂമില്‍ അഴിമതി വിരുദ്ധ ദിനാചരണ പരിപാടികള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി വിരുദ്ധ ദിനമായ നാളെ (09.12.2014) സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും സെക്രട്ടേറിയറ്റിലും പോലീസ് സ്‌റ്റേഷനുകളിലും സ്‌കൂളുകളിലും രാവിലെ 11 മണിക്ക് അഴിമതി വിരുദ്ധ പ്രതിജ്ഞയെടുക്കും. സെക്രട്ടേറിയറ്റിലെ ചടങ്ങില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ജീവനക്കാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടര്‍ന്ന് വിജെടി ഹാളില്‍ സംഘടിപ്പിച്ചിരിക്കുന്ന അഴിമതി വിരുദ്ധ ദിനാചരണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. മുന്‍ ആഭ്യന്തര മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരും പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍.പി.ഭാസ്‌ക്കര്‍ മുതലായവര്‍ പങ്കെടുക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. പൊതുസമൂഹത്തിലും, സര്‍ക്കാര്‍ തലത്തിലും ഉള്‍പ്പെടെ അഴിതി നിര്‍മ്മാര്‍ജനം ചെയ്യുക എന്ന നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും.
2014 വിജിലന്‍സ്-ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ജൂബിലി വര്‍ഷം കൂടിയായ സാഹചര്യത്തില്‍ അഴിമതിക്കെതിരേ സംസ്ഥാന തലത്തില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുള്‍പ്പെടെ നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അഴിമതിക്ക് അവസരം കൊടുക്കാന്‍ സര്‍ക്കാര്‍ ഒരിക്കലും തയാറല്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. അഴിമതി സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ വിജിലന്‍സ് ഡയറക്ടറെയോ മന്ത്രിയേയൊ നേരിട്ട് അറിയിക്കാം. പരാതികള്‍ പരിശോധിച്ച് ശക്തമായ നടപടികള്‍ കൈക്കൊള്ളുന്ന സംവിധാനം വിജിലന്‍സ് വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുതാര്യമായ വിധത്തില്‍ വിജിലന്‍സ് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകും. പൊതുജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ വിവിധ തലങ്ങളില്‍ അഴിമതി സംബന്ധിച്ചുള്ള പരാതികള്‍ വിജിലന്‍സിന് നേരിട്ടു നല്‍കാനുള്ള സംവിധാനവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post