തിരുവനന്തപുരം: 2015 ജനുവരി 31 മുതല്‍ കേരളം ആതിഥ്യം വഹിക്കുന്ന ദേശീയ ഗെയിംസിനോടനുബന്ധിച്ച് ഫെബ്രുവരി ഒന്നു മുതല്‍ 12 വരെ ഭാരതത്തിന്റെ വൈവിദ്ധ്യമാര്‍ന്ന സംസ്‌കൃതി വ്യക്തമാക്കുന്ന കലാപരിപാടികള്‍ അരങ്ങേറും. ഏഴു ജില്ലകളില്‍ എട്ടു വേദികളിലായി 66 പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,കൊച്ചി, തൃശൂര്‍,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് പരിപാടികള്‍ നടക്കുന്നത്.
തിരുവനന്തപുരത്ത് ഗെയിംസ് വില്ലേജിലും നിശാഗന്ധിയിലുമായാണ് പരിപാടികള്‍ സജ്ജീകരിച്ചിരിക്കുന്നതെന്ന് നിയമസഭാ മീഡിയാ റൂമില്‍ പരിപാടികളുടെ ബ്രോഷര്‍ പുറത്തിറക്കിക്കൊണ്ട് കായിക വകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഗെയിംസിനായി തയാറാക്കിയിട്ടുള്ള തീം മ്യൂസിക് സംവിധാനം ചെയ്തിരിക്കുന്നത് ഹരിഹരനാണ്.യേശുദാസ്, ശ്രേയാ ഘോഷാല്‍, ശ്രുതി ഹാസന്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് തയാറാക്കിയ തീം മ്യൂസിക്ക് സിഗ്നേച്ചര്‍ ഫിലിം ഡിസംബര്‍ 31-ന് ഡല്‍ഹിയില്‍ പുറത്തിറക്കും. 2015 ജനുവരി ഒന്നു മുതല്‍ ഇതു സംപ്രേഷണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ബ്രോഷര്‍ യുവജനകാര്യ വകുപ്പു മന്ത്രി പി.കെ.ജയലക്ഷ്മിക്ക് നല്‍കി മന്ത്രി പ്രകാശനം ചെയ്തു. ഗെയിംസിനായി എല്ലാ തയാറെടുപ്പും നടത്തിയിട്ടുണ്ടെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ദേശീയ ഗെയിംസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് സംസ്ഥാനമൊന്നാകെ ജനുവരി മൂന്നാം വാരത്തില്‍ റണ്‍ കേരളാ റണ്‍ എന്ന പേരില്‍ കൂട്ടയോട്ടം സംഘടിപ്പിക്കും. ഡിസംബര്‍ 31-ന് മുമ്പ് ഒന്‍പത് സ്റ്റേഡിയങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്നും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പരിശോധനകള്‍ക്കായി എത്തുന്ന സാഹചര്യത്തില്‍ അതിനു മുമ്പ് സ്റ്റേഡിയങ്ങളുടെ പണികളെല്ലാം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post