സന്നിധാനം: അഗസ്ത്യമുനിയുടെ പൂങ്കാവനത്തില്‍നിന്നെത്തിയ കാണി കുലത്തില്‍പ്പെട്ട ഭക്തര്‍ അയ്യപ്പന് കാണിക്കയര്‍പ്പിച്ചു വണങ്ങി. തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാര്‍കൂട വനത്തിലെ 27 കാണി ഊരുകളില്‍നിന്നുള്ള ആദിവാസി വിഭാഗത്തില്‍പ്പെട്ട 80 പേരാണ് ഇന്നലെ(ഡിസംബര്‍ 10) വൈകിട്ട് ഏഴരയോടെ സന്നിധാനത്തെത്തി അയ്യപ്പന് കാണിക്കയര്‍പ്പിച്ചത്. അഗസ്ത്യമലയില്‍നിന്ന് മുളംകുറ്റിയില്‍ നിറച്ച കാട്ടുതേന്‍, കാട്ടു കുന്തിരിക്കം, കരിമ്പിന്‍ കെട്ട്, കദളിക്കുല, കല്‍പാലകന്‍, ഈറ്റയിലും ചൂരലിലും ഉണ്ടാക്കിയ പെട്ടികള്‍ എന്നിവ ഇവര്‍ സോപാനത്തില്‍ സമര്‍പ്പിച്ചു.
കോട്ടൂര്‍ മുണ്ടണി മാടന്‍ തമ്പുരാന്‍ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ 22 വര്‍ഷമായി ഇവര്‍ അയ്യപ്പദര്‍ശനത്തിനെത്തുന്നുണ്ട്. 41 ദിവസത്തെ കഠിനവൃതമെടുത്താണ് സംഘം അയ്യപ്പദര്‍ശനത്തിനെത്തുന്നത്. പൊടിയം, കുമ്പിടി, കുന്നത്തേരി, തൈതോട്, മാങ്കോട്, മുളമൂട്, അമ്പൂരി തുടങ്ങി 27 ഊരുകളില്‍നിന്നുള്ള സംഘം മുണ്ടണി ക്ഷേത്രത്തില്‍നിന്ന് മാലയിട്ട് അഗസ്ത്യദര്‍ശനം കഴിഞ്ഞാണ് അയ്യപ്പനെ കാണാനെത്തിയത്. സംഘത്തില്‍ നാലു സ്ത്രീകളും 21 കുട്ടികളും സംഘത്തിലുണ്ട്. 21 പേര്‍ കന്നി അയ്യപ്പന്മാരാണ്. കൃഷ്ണന്‍ കാണിയാണ് പെരിയാന്‍.
കൊട്ടാരക്കര ഗണപതിയെയും കുളത്തൂപ്പുഴ ശാസ്താവിനെയും നിലയ്ക്കല്‍ മഹാദേവരെയും അച്ചന്‍കോവില്‍ ശാസ്താവിനെയും ആര്യങ്കാവ് അയ്യനെയും ദര്‍ശിച്ചശേഷമാണ് ഇവര്‍ സന്നിധാനത്തെത്തിയത്. സംഘം ഇന്ന് (ഡിസംബര്‍ 11) നെയ്യഭിഷേകത്തിനുശേഷം അയ്യനെ തൊഴുത് മലയിറങ്ങും.
Discussion about this post