തിരുവനന്തപുരം: കേരളത്തില്‍ നല്ല സിനിമകളുണ്ടാവാന്‍, ആവശ്യമായ സാഹചര്യങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിന്റെ പത്തൊന്‍പതാമത് രാജ്യാന്തര ചലച്ചിത്രമേള തിരുവനന്തപുരം നിശാഗന്ധിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനകീയ സ്വഭാവം പുലര്‍ത്തുന്നുവെന്നതാണ് കേരളത്തിന്റെ ചലച്ചിത്രമേളയുടെ പ്രത്യേകത. ഇത് നിലനിറുത്തി വരും വര്‍ഷങ്ങളിലും മുന്നോട്ടു പോകാനാവണം. സിനിമാ തത്പരരായവരുടെ പിന്തുണകൊണ്ടാണ് കേരളത്തിന്റെ മേള ലോകത്തിന്റെ നെറുകയിലേക്കുയര്‍ന്നത്. അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയെന്ന ചുമതല മാത്രമാണ് സര്‍ക്കാരിന് നിര്‍വ്വഹിക്കാനുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചലച്ചിത്രമേളയ്ക്കായി തിയേറ്റര്‍ സമുച്ചയം നിര്‍മ്മിക്കുന്നതുള്‍പ്പെടെയുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച സിനിമാവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പഴയകാല മലയാള ചലച്ചിത്രങ്ങളുടെ പ്രിന്റുകള്‍ പരിരക്ഷിക്കാന്‍ ആര്‍ക്കൈവ്‌സ് ഫലപ്രദമാക്കും. ഭാവി തലമുറയ്ക്കും പ്രയോജനപ്പെടത്തക്കവിധം പ്രിന്റുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാന്‍ തീവ്രയത്‌നമാരംഭിക്കും. അടൂര്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആജീവനാന്ത സംഭാവനകള്‍ക്കുള്ള പുരസ്‌കാരം ചടങ്ങില്‍ ഇറ്റാലിയന്‍ സംവിധായകന്‍ മാര്‍ക്കൊ ബെല്ലൂച്ചിയോയ്ക്ക് മന്ത്രി സമ്മാനിച്ചു.
മന്ത്രി വി.എസ്.ശിവകുമാര്‍, മുന്‍മന്ത്രി എം.എ.ബേബി, അടൂര്‍ ഗോപാലകൃഷ്ണന്‍, സാംസ്‌കാരികവകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് ഇറാന്‍ റിക്ലിസ് സംവിധാനം ചെയ്ത ഡാന്‍സിംഗ് അറബ്‌സ് ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു.
Discussion about this post