കുറവിലങ്ങാട്: കാളികാവ് ബാലസുബ്രമണ്യസ്വാമി ക്ഷേത്രത്തില്‍ കവര്‍ച്ച. ക്ഷേത്രത്തിലെ പ്രധാന ശ്രീകോവിലിലുള്ള സുബ്രമണ്യസ്വാമിയുടെ പ്രതിഷ്ഠയില്‍ ചാര്‍ത്തിയിരുന്ന മൂന്ന് പവനോളം തൂക്കം വരുന്ന വിവിധ തിരുവാഭരണങ്ങള്‍ കവര്‍ന്നു. ബുധനാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. ബുധനാഴ്ച രാത്രി നടയടച്ച മേല്‍ശാന്തി കുമരകം തൊണ്ടിക്കടവില്‍ ടി.കെ സന്ദീപ് ഇന്ന് പുലര്‍ച്ചെ അഞ്ചിന് പൂജയ്‌ക്കെത്തിയപ്പോള്‍ ശ്രീകോവിലിന്റെ വാതില്‍ തുറന്ന നിലയിലായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മോഷണവിവരം വ്യക്തമായത്. പ്രതിഷ്ഠയില്‍ ചാര്‍ത്തിയിരുന്ന ഒരു പവന്‍ തൂക്കമുള്ള നെക്ലസ് (മാല) ഒരു പവന്‍ തൂക്കമുള്ള കുണ്ടറം (നെറ്റിയിലെ ചാര്‍ത്ത്) അഞ്ച് ഗ്രാം തൂക്കമുള്ള വേല്‍ എന്നിങ്ങനെ 21 ഗ്രാം തിരുവാഭരണങ്ങള്‍ നഷ്ടപ്പെട്ടതായാണ് ക്ഷേത്രം പ്രസിഡന്റ് പി.എ തങ്കപ്പന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.
പൂജയ്ക്കായി ഭക്തരിലൊരാള്‍ മേല്‍ശാന്തിയെ ഏല്‍പ്പിച്ചിരുന്ന ഒരു സ്വര്‍ണ തകിടും നഷ്ടപ്പെട്ടിട്ടുണ്ട്. മേല്‍ശാന്തിയ്ക്ക് കാണിക്കയായി ലഭിച്ച പണം പ്രത്യേക പാത്രത്തിലാക്കി ശ്രീകോവിലിനുള്ളിലാണ് സൂക്ഷിച്ചിരുന്നത്. അയ്യായ്യിരത്തോളം വരുന്ന ഈ തുകയും കവര്‍ച്ചചെയ്യപ്പെട്ടു. മേല്‍ശാന്തിയുടെ വാച്ചും നഷ്ടപ്പെട്ടിട്ടുണ്ട്. കുറവിലങ്ങാട് അഡീഷണല്‍ എസ്‌ഐ ഇ.പി വേണുഗോപാലന്‍നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡടക്കമുള്ള പരിശോധന അന്വേഷണത്തിന്റെ ഭാഗമായി ക്രമീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
Discussion about this post