തിരുവനന്തപുരം: സംസ്ഥാനത്തെ ഇരുപത്തിയൊമ്പതിനായിരത്തോളം ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം ആയിരം രൂപയാക്കി വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ കൂടുതല്‍ ഓണറേറിയം ലഭ്യമാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായും പഞ്ചായത്ത് വകുപ്പ് മന്ത്രിയുമായും ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ആശമാരുടെ ഈ വര്‍ഷത്തെ ഇന്‍സെന്റീവും 2013-14 ലെ മൂന്ന് മാസത്തെ ഓണറേറിയവും ക്രിസ്തുമസിനുമുമ്പ് വിതരണം ചെയ്യും. 2014-15 ലെ ഓണറേറിയം ജനുവരി 30 നുമുമ്പ് ലഭ്യമാക്കും. കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കുന്ന അടുത്തവര്‍ഷത്തെ പദ്ധതി രേഖയില്‍ ആശമാരുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടും. ആശമാരുടെ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് എല്ലാ ജില്ലകളിലും ആശാ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. യോഗത്തില്‍ എംഎല്‍എമാരായ എളമരം കരീം, വി. ശിവന്‍കുട്ടി, ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ.കെ.ഇളങ്കോവന്‍, എന്‍.ആര്‍.എച്ച്.എം. ഡയറക്ടര്‍ മിന്‍ഹാജ് ആലം എന്നിവര്‍ സംബന്ധിച്ചു.
Discussion about this post