തിരുവനന്തപുരം: ലിബിയയിലെ ബങ്ഗാസിയില്‍ അകപ്പെട്ടുപോയ 70 മലയാളി നഴ്‌സുമാര്‍ നാട്ടിലെത്തി. രണ്ടു കുട്ടികള്‍ ഉള്‍പ്പെട്ട 12 പേരുടെ ആദ്യ സംഘം 19ന് രാവിലെ 2.30ന് കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു. 42 പേരുടെ രണ്ടാമത്തെ സംഘം ട്യൂണിസിലെത്തി. അവര്‍ 20ന് ദുബായിലെത്തും. അവിടെ നിന്ന് 33 പേര്‍ 21ന് രാവിലെ 3.50ന് ദുബായില്‍ നിന്ന് തിരിച്ച് 9.05ന് കോഴിക്കോട് എത്തിച്ചേരും. ഒന്‍പതുപേര്‍ രാത്രി എട്ടിന് മാത്രമേ എത്തുകയുള്ളൂ.
19ന് ട്യൂണിസില്‍ എത്തിച്ചേരുന്ന 16 പേരുടെ സംഘം ഫ്‌ളൈറ്റിന്റെ ലഭ്യത അനുസരിച്ച് നാട്ടില്‍ എത്തുമെന്നും അംബാസഡര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് വീടുകളിലെത്താന്‍ ആവശ്യമായ വാഹനസൗകര്യം സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തും. ലിബിയയിലെ ബെങ്ഗാസിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്‌സുമാരെ രക്ഷിക്കുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തെഴുതുകയും ലിബിയയിലെ ഇന്ത്യന്‍ അംബാസഡറോട് ഫോണില്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ലിബിയയിലെ ഇന്ത്യന്‍ എംബസിയുമായി അടിയന്തരമായി ബന്ധപ്പെടാന്‍ നഴ്‌സുമാരോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.
Discussion about this post