തിരുവനന്തപുരം: ജില്ലാ കളക്ടര്‍ അധ്യക്ഷനായ ജില്ലാതല ഔദ്യോഗിക ഭാഷാ സമിതികളുടെയും തഹസില്‍ദാര്‍ അധ്യക്ഷനായ താലൂക്ക്തല ഔദ്യോഗികഭാഷാ സമിതികളുടെയും പ്രവര്‍ത്തനം അവസാനിപ്പിച്ചുകൊണ്ടും താഴെപ്പറയുന്ന പുതിയ ഔദ്യോഗിക ഭാഷാ സമിതികള്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടും ഉത്തരവ് പുറപ്പെടുവിച്ചു.
പുതിയ ഔദ്യോഗിക ഭാഷ സംബന്ധിച്ച വകുപ്പുതല ഏകോപന സമിതിയില്‍ വകുപ്പുതല മേധാവി അധ്യക്ഷനും വകുപ്പിലെ മേഖലാ, ജില്ലാതല മേധാവികള്‍ അംഗങ്ങളും അധ്യക്ഷനു തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥന്‍ കണ്‍വീനറും ആയിരിക്കും. എല്ലാ വര്‍ഷവും ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളില്‍ സമിതി യോഗം ചേരും. ജില്ലാതല ഔദ്യോഗിക ഭാഷാ സമിതിയില്‍ വകുപ്പിലെ ജില്ലാതല മേധാവി അധ്യക്ഷനും വകുപ്പിന്റെ ജില്ലയിലെ മറ്റ് കീഴ് ഓഫീസ് തലവന്മാര്‍ അംഗങ്ങളും ജില്ലാ ഓഫീസിലെ ജില്ലാ മേധാവികളുടെ തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥന്‍ കണ്‍വീനറും ആയിരിക്കും. എല്ലാ വര്‍ഷവും ജനുവരി, മാര്‍ച്ച്, മെയ്, ജൂലൈ, സെപ്റ്റംബര്‍, നവംബര്‍ മാസങ്ങളില്‍ സമിതി യോഗം ചേരും. ഏതെങ്കിലും വകുപ്പിന് ജില്ലയില്‍ ഒരു ഓഫീസ് മാത്രമാണുള്ളതെങ്കില്‍ ഓഫീസ് തലവന്റെ അധ്യക്ഷതയില്‍ ആ ഓഫീസിലെ ജീവനക്കാരെയും ഏതെങ്കിലും വകുപ്പിന് ജില്ലയില്‍ ഒന്നില്‍ കൂടുതല്‍ ജില്ലാ ഓഫീസര്‍മാരുണ്ടെങ്കില്‍ ഓരോ ഓഫീസറുടെയും അധ്യക്ഷതയില്‍ അവരവരുടെ അധികാര പരിധിയിലുള്ള ഓഫീസുകളുടെ മേധാവികളെയും പങ്കെടുപ്പിച്ച് മേല്‍പ്പറഞ്ഞ സമയക്രമ പ്രകാരം ഓരോ വര്‍ഷവും യോഗം ചേരണം. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയം ഉണ്ടാകുന്ന പക്ഷം ആയത് ബന്ധപ്പെട്ട വകുപ്പ് മേധാവിയെ അറിയിക്കേണ്ടതും വകുപ്പ് മേധാവി ഔദ്യോഗിക ഭാഷാ വകുപ്പുമായി ബന്ധപ്പട്ട് ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്. ഔദ്യോഗികഭാഷാനിയമം സംബന്ധിച്ചുള്ള സംശയനിവാരണത്തിനായി ഔദ്യോഗിക ഭാഷാ വകുപ്പിന്റെ പ്രതിനിധിക്ക് ഔദ്യോഗിക ഭാഷ സംബന്ധിച്ച വകുപ്പുതല ഏകോപന സമിതിയോഗത്തില്‍ മുന്നറിയിപ്പോടുകൂടിയോ അല്ലാതെയോ പങ്കെടുക്കാവുന്നതാണ്. അതിനായി യോഗതീയതി ഒരാഴ്ച മുമ്പെങ്കിലും ഔദ്യോഗിക ഭാഷാ വകുപ്പിനെ നിര്‍ബന്ധമായും അറിയിക്കേണ്ടതാണ്. ഔദ്യോഗിക ഭാഷ സംബന്ധിച്ച വകുപ്പുതല ഏകോപന സമിതി യോഗനടപടിക്കുറിപ്പ് യോഗം നടന്ന് ഒരാഴ്ചക്കുള്ളില്‍ ഔദ്യോഗിക ഭാഷാ വകുപ്പ് സെക്രട്ടറിക്കും അതത് വകുപ്പ് സെക്രട്ടറിക്കും നിര്‍ബന്ധമായും നല്‍കണം.. ഔദ്യോഗിക ഭാഷ സംബന്ധിച്ച വകുപ്പുതല ഏകോപന സമിതിയില്‍ ഉന്നയിക്കപ്പെടുന്നതും പരിഹാരം കാണേണ്ടതുമായ വിഷയങ്ങള്‍ വകുപ്പ് സെക്രട്ടറി അധ്യക്ഷനായ വകുപ്പുതല ഔദ്യോഗികഭാഷാ സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം.
ജില്ലാതല ഔദ്യോഗികഭാഷാ സമിതിയോഗ നടപടിക്കുറിപ്പ് യോഗം നടന്ന് ഒരാഴ്ചയ്ക്കകം ഔദ്യോഗിക ഭാഷാ വകുപ്പ് സെക്രട്ടറിക്കും വകുപ്പുതല മേധാവിക്കും നിര്‍ബന്ധമായും നല്‍കണം. ജില്ലാതല ഔദ്യോഗികഭാഷാ സമിതിയില്‍ ഉന്നയിക്കപ്പെടുന്നതും പരിഹാരം കാണേണ്ടതുമായ വിഷയങ്ങള്‍ വകുപ്പുതല മേധാവി അധ്യക്ഷനായ ഏകോപനസമിതിയില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണണം. യോഗം യഥാസമയം വിളിച്ചുകൂട്ടേണ്ട ഉത്തരവാദിത്തം യോഗ കണ്‍വീനറില്‍ നിക്ഷിപ്തമാണ്. യോഗം ചേരുന്നത് സംബന്ധിച്ച അറിയിപ്പ് പത്ത് പ്രവൃത്തി ദിവസം മുമ്പെങ്കിലും അംഗങ്ങള്‍ക്ക് നല്‍കേണ്ടതും ഓരോ അംഗവും യോഗനോട്ടീസ് കൈപ്പറ്റിയിട്ടുണ്ടെന്ന് കണ്‍വീനര്‍ ഉറപ്പാക്കേണ്ടതുമാണ്. യോഗത്തില്‍ പങ്കെടുക്കാത്ത അംഗങ്ങളുടെ വിശദീകരണം വാങ്ങി അവര്‍ക്കെതിരെ യോഗാധ്യക്ഷന്‍ നടപടി സ്വീകരിക്കണം. ഈ ഉത്തരവിന് അടിയന്തര പ്രാബല്യമുണ്ടായിരിക്കുമെന്നും ഉത്തരവിന് മുമ്പ് നിലനിന്നിരുന്ന സമിതി യോഗങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടികള്‍ തുടരേണ്ടതാണെന്നും സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Discussion about this post