* ഡിസംബര്‍ 24ന് പെന്‍ഷന്‍ നല്‍കിത്തുടങ്ങും
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍ കുടിശ്ശിക വിതരണം, സാമ്പത്തിക പ്രതിസന്ധി എന്നിവ തരണം ചെയ്യാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അംഗീകൃത ട്രേഡ് യൂണിയന്‍ നേതാക്കളുടെ യോഗം യോജിച്ച തീരുമാനത്തില്‍ എത്തിയെന്ന് ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.
മൂന്ന് മാസത്തെ പെന്‍ഷന്‍ കുടിശികയില്‍ പ്രതിമാസം 15000 രൂപ വരെ ക്ലിപ്തപ്പെടുത്തി തല്‍ക്കാലം എല്ലാവര്‍ക്കും നല്‍കും. ആദ്യ ഗഡു ഡിസംബര്‍ 24നും ബാക്കി രണ്ട് ഗഡുക്കള്‍ 15000 രൂപ വരെ ഫെബ്രുവരി 15നകവും നല്‍കും. ഈ മാസങ്ങളിലെ 15000ത്തിനു മേലുള്ള പെന്‍ഷന്‍ തുക യഥാക്രമം ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നല്‍കും. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പെന്‍ഷന്‍ അതത് മാസങ്ങളില്‍ 15000 രൂപ വരെ ക്ലിപ്തപ്പെടുത്തി നല്‍കും. ഈ മാസങ്ങളിലെ ബാക്കി തുക ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നല്‍കും. ഏപ്രില്‍ ഒന്ന് മുതല്‍ പെന്‍ഷന്‍ നല്‍കാന്‍ പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കും. ഇതിന് ഓരോ മാസവും 20 കോടി രൂപ വീതം കെ.എസ്.ആര്‍.ടി.സി. ട്രഷറിയില്‍ നിക്ഷേപിക്കും. സമാനമായ തുക സര്‍ക്കാരും നല്‍കും. ഇത് ഒരു വര്‍ഷം പരമാവധി 240 കോടി രൂപ ആയിരിക്കും. കെ.എസ്.ആര്‍.ടി.സിയുടെ നിലവിലുള്ള ഗവണ്‍മെന്റ് ലോണ്‍ ഇക്വിറ്റിയാക്കി മാറ്റും. കെ.എസ്.ആര്‍.ടി.സി.യുടെ ബാധ്യത തീര്‍ക്കുന്നതിന് 200 കോടിയുടെ അധിക വായ്പക്ക് ഗവണ്‍മെന്റ് ഗ്യാരന്റി നല്‍കും.
വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള വിവിധ നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി. ഇതിന്റെ ഭാഗമായി കെ.ടി.ഡി.എഫ്.സിയില്‍ നിന്നും എടുത്ത വായ്പ ദീര്‍ഘകാല ബാങ്ക് ലോണാക്കി മാറ്റും. സമയബന്ധിതമായി പുതിയ ബസുകള്‍ നിരത്തിലിറക്കും. ഇതുവഴി പ്രതിദിനം 50 ലക്ഷം രൂപ മുതല്‍ 60 ലക്ഷം രൂപ വരെ കളക്ഷന്‍ വര്‍ദ്ധിപ്പിക്കും. നഷ്ടത്തിലോടുന്ന ഷെഡ്യൂളുകള്‍ വഴി പ്രതിദിനം ഒരുകോടി 17 ലക്ഷം രൂപയാണ് ബാധ്യത. മാസം ഏകദേശം 35 കോടി രൂപ ഈ ഇനത്തില്‍ നഷ്ടമുണ്ടാകുന്നു. ഈ സാഹചര്യത്തില്‍ നഷ്ടത്തിലോടുന്ന 25 ശതമാനം ഷെഡ്യൂളുകള്‍ നിര്‍ത്തുകയും പുനഃക്രമീകരിക്കുകയും ചെയ്യും.
ശമ്പളം കൃത്യമായി നല്‍കാനും യോഗം തീരുമാനിച്ചു. മാനേജ്‌മെന്റില്‍ പ്രൊഫഷണലിസം കൊണ്ടുവരാന്‍ മിഡില്‍ ലെവല്‍ മാനേജ്‌മെന്റിലേക്ക് 40% പേരെ നേരിട്ട് റിക്രൂട്ട് ചെയ്യും. കെ.എസ്.ആര്‍.ടി.സി.യുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ ആവശ്യമായ പഠനം നടത്തി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഒരു വിദഗ്ദ്ധനെ നിയോഗിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച ചെയ്തശേഷം പുനരുദ്ധാരണ പാക്കേജ് നടപ്പാക്കും. ഇതുവരെ പ്രഖ്യാപിച്ചതില്‍ ഉപരിയായി ഇനി മുതല്‍ കൂടുതല്‍ കണ്‍സഷനുകള്‍ അനുവദിക്കില്ല. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച തീരുമാനം മാറ്റി വച്ചു. പ്ലാന്‍ ഫണ്ട്, ആസ്തി വികസനത്തിനുള്ള ലോണ്‍ എന്നിവ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ വകമാറ്റി ചെലവഴിക്കാന്‍ അനുവദിക്കില്ല.
യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എളമരം കരീം എം.എല്‍.എ., വൈക്കം വിശ്വന്‍, ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം.എബ്രഹാം, ഗതാഗത സെക്രട്ടറി ഡോ.വി.എം.ഗോപാലമേനോന്‍, കെ.എസ്.ആര്‍.ടി.സി. ചെയര്‍മാന്‍ & എം.ഡി. ആന്റണി ചാക്കോ, ആര്‍.ചന്ദ്രശേഖരന്‍, മുന്‍ എം.എല്‍.എ.മാരായ തമ്പാനൂര്‍ രവി, കെ.കെ.ദിവാകരന്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികളായ ആര്‍.ശശിധരന്‍, ആര്‍.അയ്യപ്പന്‍, കെ.ജി.ബാബു, സി.കെ.ഹരികൃഷ്ണന്‍, ദിലീപ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post