തിരുവനന്തപുരം: ചലച്ചിത്ര നടനും ഫോട്ടോഗ്രാഫറുമായിരുന്ന എന്‍.എല്‍ ബാലകൃഷ്ണന്‍ (72) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം സംഭവിച്ചത്. അര്‍ബുദരോഗബാധിതനായി ദീര്‍ഘകാലം ചികിത്സയിലായിരുന്നു.
നിശ്ചലഛായാഗ്രാഹകനായാണ് എന്‍.എല്‍ ബാലകൃഷ്ണന്‍ സിനിമയിലെത്തിയത് പിന്നീട് ഹാസ്യവേഷങ്ങളിലൂടെ അഭിനേതാവ് എന്ന നിലയില്‍ തന്റേതുമാത്രമായൊരു ഇടം അദ്ദേഹം സിനിമയില്‍ സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ ആകാരപ്രകൃതം തന്നെ സിനിമയില്‍ ചിരിപടര്‍ത്തി. അദ്ദേഹം ചെയ്ത ചെറിയ വേഷങ്ങള്‍പോലും മലയാളികള്‍ ഓര്‍മയില്‍ സൂക്ഷിക്കുന്നവയായി. 1986ല്‍ രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത അമ്മാനം കിളി എന്ന കുട്ടികളുടെ സിനിമയിലാണ് ബാലകൃഷ്ണന്‍ ആദ്യമായി അഭിനയിക്കുന്നത്. 162 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഡാ തടിയാ, ഡോക്ടര്‍ പശുപതി, വൃദ്ധന്‍മാരെ സൂക്ഷിക്കുക, പട്ടണപ്രവേശം, കൗതുകവാര്‍ത്തകള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
170ഓളം ചിത്രങ്ങളില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായും പ്രവര്‍ത്തിച്ചു. അടൂര്‍, ജി.അരവന്ദന്‍, ജോണ്‍ ഏബ്രഹാം, പദ്മരാജന്‍, ഭരതന്‍, കെ.ജി ജോര്‍ജ് തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ പൗഡിക്കോണത്താണ് ബാലകൃഷ്ണന്‍ ജനിച്ചത്. 1965 ല്‍ മഹാരാജാസ് സ്‌ക്കൂള്‍ ഓഫ് ആര്‍ട്‌സില്‍ ഡ്രോയിംഗ് ആന്‍ഡ് പെയിന്റിംഗ് ഡിപ്ലോമ കരസ്ഥമാക്കി. തിരുവനന്തപുരത്തുള്ള മെട്രോ സ്റ്റുഡിയോ, ശിവന്‍സ് സ്റ്റുഡിയോ, രൂപലേഖാ സ്റ്റുഡിയോ, കലാലയാ സ്റ്റുഡിയോ എന്നിവിടങ്ങളില്‍ നിന്നും ഫോട്ടോഗ്രാഫി പഠിച്ചു. ബോയിസ് ഔണ്‍ ഓഫ് കേരള എന്ന അനാഥാലയത്തില്‍ കുട്ടികള്‍ക്ക് ഫോട്ടോഗ്രാഫിയും, പെയിന്റിംഗും പരിശീലിപ്പിച്ചു. 1968 മുതല്‍ 1979 വരെ കേരള കൗമുദി തിരുവനന്തപുരം ഓഫീസില്‍ സ്റ്റാഫ് ഫോട്ടോഗ്രാഫറായും ജോലി ചെയ്തു. അദ്ദേഹത്തിന് കേരള ലളിതകലാ അക്കാഡമിയുടെ ശ്രേഷ്ഠ കലാകാരന്മാര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
Discussion about this post