ആലുവ: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാര്‍വതിയുടെ നടതുറപ്പ് മഹോത്സവം ജനവരി നാല് മുതല്‍ 15 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ധനു മാസത്തിലെ തിരുവാതിര മുതല്‍ 12 ദിവസം മാത്രമാണ് പാര്‍വതി ദേവിയുടെ നട തുറക്കാറുള്ളത്. മഹോത്സവത്തിന് തുടക്കംകുറിച്ച് നാലിന് വൈകീട്ട് നാലിന് അകവൂര്‍ മനയില്‍ നിന്ന് മഹാദേവനും പാര്‍വതി ദേവിക്കും ചാര്‍ത്തുന്നതിനുളള തിരുവാഭരണ രഥഘോഷയാത്ര ആരംഭിക്കും.
മനയിലെ കുടുംബപരദേവതയായ ശ്രീരാമമൂര്‍ത്തി ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടത്തി കെടാവിളക്കില്‍ നിന്ന് ദീപം പകര്‍ന്ന ശേഷം തങ്കഗോളക, തങ്കചന്ദ്രക്കല, തങ്കക്കിരീടം, തിരുമുഖം എന്നിവ ഉള്‍പ്പടെയുള്ള തിരുവാഭരണങ്ങള്‍ മനയിലെ കാരണവര്‍ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ക്ക് കൈമാറും. തുടര്‍ന്നുള്ള ആചാരങ്ങള്‍ക്ക് ശേഷം താലം, പൂക്കാവടി, വിവിധ വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ തിരുവാഭരണ ഘോഷയാത്ര ക്ഷേത്രത്തിലേക്ക് പുറപ്പെടും. ക്ഷേത്രത്തിലെത്തിയ ശേഷം ആചാരപരമായ രീതിയില്‍ നടതുറപ്പ് ചടങ്ങുകള്‍ക്ക് ശേഷം രാത്രി എട്ടിന് പാര്‍വതി ദേവിയുടെ നട തുറക്കും. 50,000 പേര്‍ക്ക് സുരക്ഷിതമായി ക്യൂ നില്‍ക്കാവുന്ന 20,000 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള പന്തല്‍ നിര്‍മാണം പൂര്‍ത്തിയായി. ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ശുദ്ധജലം നല്‍കുന്നതിന് 150 സന്നദ്ധ സേവകരുണ്ടാവും. 1,500 വാഹനങ്ങള്‍ക്കായി നാല് പാര്‍ക്കിങ് ഗ്രൗണ്ടും സജ്ജമാക്കിയിട്ടുണ്ട്.
യാത്രാ സൗകര്യം പരിഗണിച്ച് ദക്ഷിണ റെയില്‍വേ ഉത്സവ ദിനങ്ങളില്‍ ആലുവയില്‍ നിരവധി ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ആലുവ, പെരുമ്പാവൂര്‍, അങ്കമാലി, പറവൂര്‍, ചാലക്കുടി, എറണാകുളം, ആലപ്പുഴ, കൊല്ലം ഡിപ്പോകളില്‍ നിന്ന് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തും. ക്ഷേത്രപരിസരത്ത് കെഎസ്ആര്‍ടിസിയുടെ രണ്ട് താത്കാലിക ബസ്സ്റ്റാന്‍ഡുകള്‍ പ്രവര്‍ത്തിക്കും. ആലുവ റൂറല്‍ എസ്.പി.യുടെയും പെരുമ്പാവൂര്‍ ഡിവൈ.എസ്.പി.യുടെയും നേതൃത്വത്തില്‍ 250 പോലീസുകാരെയും ഫയര്‍ഫോഴ്‌സിനെയും വിന്യസിച്ചിട്ടുണ്ട്. ക്ഷേത്രപരിസരത്ത് ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി. സ്ഥാപിച്ച് നിരീക്ഷണം നടത്തും. ആലുവ തഹസില്‍ദാരുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. എറണാകുളം ലക്ഷ്മി ആസ്പത്രിയുമായി സഹകരിച്ചുളള ഗൗരി ലക്ഷ്മി മെഡിക്കല്‍ സെന്ററിന്റെ സേവനം ലഭിക്കും. സൗജന്യ ഹോമിയോ, ആയുര്‍വേദ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും.
ദര്‍ശനത്തിനെത്തുന്നവര്‍ക്ക് 12 ദിവസവും അന്നദാനം ഉണ്ടായിരിക്കും. ദേവീപ്രസാദമായ അരവണ പായസവും അവില്‍ നിവേദ്യവും വാങ്ങുന്നതിന് കൗണ്ടര്‍ ഒരുക്കിയിട്ടുണ്ട്. നടതുറപ്പ് ദിവസങ്ങളില്‍ രാവിലെ നാല് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയും വൈകീട്ട് നാല് മുതല്‍ രാത്രി 8.30 വരെയുമാണ് ദര്‍ശനം. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എ.കെ. പ്രവീണ്‍കുമാര്‍, അകവൂര്‍ കുഞ്ഞനിയന്‍ നമ്പൂതിരിപ്പാട്, ഉണ്ണികൃഷ്ണന്‍ മാടവന തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post